കാഞ്ഞങ്ങാട്: ഗൂഗിള്‍ മാപ്പ് നോക്കി ക്ഷേത്രത്തിലേക്ക് കാറില്‍ യാത്രപുറപ്പെട്ട കുടുംബം കുളത്തില്‍ വീഴാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് നിന്നും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറാണ് വഴിതെറ്റി ക്ഷേത്രച്ചിറയുടെ കല്പടവുകള് ചാടിയിറങ്ങി കുളത്തിവക്കിലെത്തിയത്. കാര്‍ പൊടുന്നനെ നിര്‍ത്താന്‍ സാധിച്ചതിനാല്‍ ആഴമേറിയ കുളത്തില്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നു.
പയ്യന്നൂര്‍ ഭാഗത്തു നിന്നും ദേശീയപാത വഴി വന്ന കാര്‍ ചിറവക്ക് ജംഗ്്ഷനില്‍ നിന്നും കാല്‍നട യാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന റോഡിലേക്ക് തിരിയുകയായിരുന്നു. ഈ റോഡ് അല്പം മുന്നോട്ടു പോയാല്‍ നാല് ഏക്കറില്‍ അധികംവരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കല്പടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്ന് റോഡ് അവസാനിച്ചതറിയാതെ കാര്‍ പടവുകള്‍ ചാടിയിറങ്ങി. കാര്‍ പെട്ടെന്ന് വെട്ടിച്ചത് മൂലം ചിറയിലേക്ക് ചാടിയില്ല. പിന്നീട് നാട്ടുകാരുടെ സഹായത്താല്‍ കാറിനെ റോഡിലേക്ക് തിരിച്ചു കയറ്റുകയായിരുന്നു.