ഞെട്ടിപ്പിക്കുന്ന ആസൂത്രണം; കാര്‍ കൊള്ളയുടെ ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹി: ഓഖ്‌ല മേഖലയിലെ കുപ്രസിദ്ധ കൊള്ള സംഘമായ തക് തക് ഗ്യാങ് നടത്തിയ കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്. കാറിലെ ഒരു വിന്‍ഡോയില്‍ തട്ടി ഡ്രൈവറുടെ ശ്രദ്ധതിരിയുന്ന സമയത്ത് കവര്‍ച്ച നടത്തുന്നതാണ് സംഘത്തിന്റെ പ്രധാന രീതി. കാറിന്റെ ജനലില്‍ തട്ടിവിളിക്കുന്നതുകൊണ്ടാണ് സംഘത്തിന് തക് തക് ഗ്യാങ് എന്ന് പേര് വന്നത്.

കാര്‍ യാത്രികനെ സഹായിക്കാന്‍ എന്നപോലെ വാഹനം പഞ്ചറായെന്നോ മറ്റോ പറയുകയും ഡ്രൈവര്‍ പുറത്തിറങ്ങി നോക്കുന്ന സമയത്ത് ഡോര്‍ തുറന്ന് വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുകയുന്നതും ഇവരുടെ പതിവാണ്. ഈ സംഘം ഇതേ രീതിയില്‍ കഴിഞ്ഞ ദിവസം ഒരു യാത്രികനെ കൊള്ളയടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു മാരുതി സിയാസ് ഉടമയെ കബളിപ്പിച്ച് തക് തക് സംഘം കടന്നുകളയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍.

ഒരു വളവ് തിരിഞ്ഞെത്തുന്ന കാറിനെ സ്‌കൂട്ടറില്‍ മറികടന്നെത്തുന്ന രണ്ടുപേര്‍ കാര്‍ െ്രെഡവറെ എന്തോ ആഗ്യം കാണിച്ച ശേഷം മുന്നോട്ട് കുതിക്കുന്നത് കാണാം. മുന്നിലെ ടയറിന് എന്തോ സംഭവിച്ചുവെന്നോ മറ്റോ ആണ് അവര്‍ പറയുന്നതെന്ന് തോന്നുന്നു. ഇതോടെ അമ്പരന്ന െ്രെഡവര്‍ കാര്‍ നിര്‍ത്തി ഇറങ്ങി പ്രശ്‌നം എന്താണെന്നറിയാന്‍ ഇടുവശത്തേക്ക് വരുന്നു.

ഇതിനിടെ കാറിന്റെ പിറകില്‍ കുറച്ചു അകലംപാലിച്ച് രണ്ടു സ്‌കൂട്ടറുകള്‍ കൂടി വന്നു നില്‍ക്കുന്നത് കാണാം. അതിലൊരെണ്ണത്തില്‍ നിന്നും മോഷണത്തിന് ചുമതലപ്പെട്ടയാള്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നു. അതോടെ ഈ സ്‌കൂട്ടര്‍ മുന്നോട്ട് പാഞ്ഞു പോകുന്നു.

തുടര്‍ന്ന് മൂന്നാമത്തെ സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ കാര്‍ െ്രെഡവറോട് എന്തൊക്കെയോ സംസാരിക്കുന്നതും അയാളുടെ ശ്രദ്ധ പിന്നെയും മാറ്റുന്നതും കാണാം. ഇതിനിടെ മോഷ്ടാവ് കാറിന്റെ പിന്‍ സീറ്റ് ലക്ഷ്യമാക്കി നടക്കുന്നതും രണ്ടാമത്തെ സ്‌കൂട്ടര്‍ തിരിച്ചെത്തി രക്ഷപ്പെടലിനായി തയ്യാറായി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കാറിന്റെ വാതില്‍ തുറന്ന മോഷ്ടാവ് ബാഗുമായി നിര്‍ത്തിയിട്ട ഈ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുന്നു.

എന്നാല്‍ ഈ മോഷണം മറ്റൊരു വഴിയാത്രികന്റെ ശ്രദ്ധയില്‍ പെടുന്നു, അയാള്‍ കള്ളന്മാരോട് ആക്രോശിച്ച് പാഞ്ഞടുക്കുന്നു. എന്നാല്‍ നൊടിയിടയില്‍ സംഘം സ്ഥലം വിടുന്നു. കാര്‍ ഡ്രൈവറുടെ ഒപ്പം മറ്റൊരു കാഴ്ചക്കാരനും അവരുടെ പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. കാര്‍ ഡ്രൈവറോട് സംസാരിച്ചുകൊണ്ടിരുന്ന മറ്റ് സംഘാംഗങ്ങളും കൂട്ടാളികളെപ്പോലെ രക്ഷപ്പെടുന്നതും കാണാം. രാജ്യതലസ്ഥാന നഗരിയെ സംബന്ധിച്ച് ഇതു പുത്തരിയൊന്നും അല്ലെങ്കിലും പലരും ഞെട്ടലോടെയാണ് ഈ വീഡിയോ കണ്ടത്.

SHARE