മത്സ്യം വാങ്ങാന്‍ കാര്‍ നിര്‍ത്തി; ഉടമ നോക്കിനില്‍ക്കെ കാര്‍ കായലിലേക്ക് മുങ്ങിത്താഴ്ന്നു

മത്സ്യം വാങ്ങാന്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ കരുംകുളം കൊച്ചുതുറ സ്വദേശി രാജേന്ദ്രന്റെ കാര്‍ കായലിലേക്ക് ഉരുണ്ട് നീങ്ങി മുങ്ങിത്താഴ്ന്നു.ഇന്നലെ രാവിലെ വിഴിഞ്ഞം വെള്ളായണി കായലിന്റെ കാക്കാമൂലകാര്‍ഷിക കോളജ് ബണ്ട് റോഡിലാണ് കാഴ്ചക്കാരെ സ്തബ്ധരാക്കിയ സംഭവം.

കാര്‍ കായലിലേക്ക് നീങ്ങുന്നത് കണ്ട് തിരികെ ഓടിയെത്തി കാറിനുള്ളില്‍ കയറാനുള്ള ഉടമയുടെ ശ്രമം വിഫലമായി. കണ്ടു നിന്നവര്‍ വിളിച്ചു കൂവി ഉടമയെ പിന്തിരിക്കവെ വേഗമാര്‍ജിച്ച കാര്‍ നേരെ ഉരുണ്ട് കായലേക്കിറങ്ങി മുങ്ങുകയായിരുന്നു. കാറിനുള്ളില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

കായലില്‍ പൂര്‍ണമായി മുങ്ങിപ്പോയ രാജേന്ദ്രന്റെ കാര്‍ ഫയര്‍ ഫോഴ്‌സ് രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ച് പിന്നീട് കെട്ടിയുയര്‍ത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. ഹാന്‍ഡ് ബ്രേക്ക് ഇടാത്തതാണ് അപകടകാരണമെന്നു ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.നഗരത്തില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ കായല്‍ മീന്‍ വാങ്ങാനായാണ് രാജേന്ദ്രന്‍ വാഹനം ഒതുക്കി നിര്‍ത്തിയത്. ഫസ്റ്റ് ഗിയറിലായിരുന്ന വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നുവെങ്കിലും ശരിക്കു വീണിട്ടുണ്ടാവില്ലെന്ന് രാജേന്ദ്രന്‍ പറയുന്നു.

SHARE