കാറോടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈനടിച്ച് പൊലീസ് !

ഹെല്‍മറ്റ് ധരിക്കാതെ കാര്‍ ഓടച്ചതിന്റെ പേരില്‍ ഫൈനടിച്ച് പൊലീസ്. ആഗ്ര സ്വദേശിയായ പീയുഷ് വര്‍ഷനെതിരെയാണ് അലിഗഡ് സിറ്റി പോലീസ് ഹെല്‍മറ്റ് ധരിക്കാതെ കാറോടിച്ചതിന് 500 രൂപ ഫൈനടിച്ചത്. ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ ആവശ്യപ്പെട്ട് ഇ-ചല്ലാന്‍ ലഭിച്ചതോടെ യുവാവ് പ്രതിഷേധവുമായി രംഗത്തെത്തി.

ശനിയാഴ്ച ഇക്കാര്യം ബോധിപ്പിക്കാനായി പീയൂഷ് പോലീസ് സ്‌റ്റേഷനില്‍ കാറില്‍ എത്തിയത് ഹെല്‍മറ്റ് കൂടി ധരിച്ചായിരുന്നു. കാഴ്ച കണ്ട പോലീസുകാരും അമ്പരന്നു. കാറില്‍ ഹെല്‍മറ്റ് വെച്ചില്ലെങ്കിലും ഫൈന്‍ അടക്കേണ്ടി വരുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇന്നലെ ട്രാഫിക് പോലീസിന്റെ മെസേജ് മൊബൈലില്‍ വന്നപ്പോഴാണ് എനിക്ക് ഈ കാര്യം മനസ്സിലായത്. പീയൂഷ് പറഞ്ഞു. തന്റെ അച്ഛന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പിഴ അടച്ചില്ലെങ്കില്‍ അദ്ദേഹം നിയമനടപടി നേരിടേണ്ടി വരുമെന്നും പീയൂഷ് പറഞ്ഞു.

സംഭവത്തില്‍ പീയൂഷ് അലിഗഡ് ട്രാഫിക് എസ് പി അസീസുള്‍ ഹഖിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ചില സമയത്ത് ഇ-ചല്ലാനുകള്‍ വിതരണം ചെയ്യാനായി നമ്പറുകള്‍ ഫീഡ് ചെയ്യുമ്പോള്‍ ഇങ്ങനെ തെറ്റു പറ്റാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

SHARE