കണ്ണൂര്‍: വീട്ടില്‍ നിര്‍ത്തിയിട്ട ആറ് കാറുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ ചെങ്ങളായിയില്‍ കെ.പി.പി അബ്ദുല്‍ ഫത്താഹിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകളാണ് തകര്‍ക്കപ്പെട്ടത്. ചക്കരക്കല്‍ സ്വദേശിയായ റഫീഖിനെയാണ് ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. അബ്ദുല്‍ ഫത്താഹിന്റെ പെങ്ങളുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയവരുടെ കാറുകളാണ് അടിച്ചുതകര്‍ത്തത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.
വാഹനങ്ങള്‍ക്ക് നേരെ ആദ്യം കല്ലേറുണ്ടാകുകയും പിന്നീട് ഇരുമ്പ് പൈപ്പ്ക്കൊണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു. ഒന്നില്‍ കൂടുതല്‍ ആളുകള്‍ സംഭവത്തിന് പിറകിലുണ്ടെന്നും പിടിയിലായ ആള് മാനസികാസ്വാസ്ഥ്യമുള്ളതായി അഭിനയിക്കുകയാണെന്നും വീട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.