പിന്നോട്ടെടുത്ത കാര്‍ കയറിയിറങ്ങി കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു


ന്യൂഡല്‍ഹി: പിറകോട്ട് എടുത്ത കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ തിലക് നഗറില്‍ താമസിക്കുന്ന രാധികയാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം.

കാര്‍ ഓടിച്ചിരുന്ന അഖിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ആഡംബര കാര്‍ അഖിലേഷ് പിറകിലോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. കാറിന് പിറകില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ ശ്രദ്ധിച്ചില്ലെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ രാധികയെ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വ്യാപാരിയായ ജസ്ബീര്‍ സിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മെഴ്സിഡസ് ബെന്‍സിന്റെ എസ്.യു.വിയാണ് അപകടത്തില്‍പ്പെട്ടത്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് പറഞ്ഞു.

SHARE