കാറപകടത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

പാറ്റ്‌ന: വില്ലേജ് കൗണ്‍സില്‍ മേധാവിയുടെ കാര്‍ ഇടിച്ച് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നവീന്‍ നിശ്ചല്‍, വിജയ സിംഗ് എന്നിവരാണ് മരിച്ച മാധ്യമപ്രവര്‍ത്തകര്‍. ഇരുവരും ബീഹാറിലെ പ്രമുഖ മാധ്യമമായ ദൈനിക് ഭാസ്‌കര്‍ പത്രത്തിലെ മാധ്യമ പ്രവര്‍ത്തകരാണ്.

ബോജ്പൂരിലാണ് അപകടം നടന്നത്. വില്ലേജ് കൗണ്‍സില്‍ മേധാവിയായ മുഹമ്മദ് ഹര്‍സുവും മകനും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ഇവരുടെ സ്‌കോര്‍പിയോ കാര്‍ മാധ്യമപ്രവര്‍ത്തകര്‍ യാത്ര ചെയ്തിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കൗണ്‍സില്‍ മേധാവിയും മകനും ഓടി രക്ഷപ്പെടുകയായിരുന്നു. രോഷാകുലരായ നാട്ടുകാര്‍ കാറിന് തീയിട്ടു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.