തുറവൂര്‍: അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ മനോജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അമിത വേഗതയിലെത്തിയ കാറിടിച്ച് വിദ്യാര്‍ത്ഥിനികളടക്കം എട്ട് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. പരീക്ഷകഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളെയാണ് കാര്‍ ഇടിച്ച് തെറുപ്പിച്ചത്. ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ പാണാവള്ളി 16 വാര്‍ഡ് കോണത്തേഴത്ത് ചന്ദ്രബാബുവിന്റെ മകള്‍ ചന്ദന (17), 15 വാര്‍ഡ് ഉരുവന്കുളത്ത് ചന്ദ്രന്റെ മകള്‍ അനഘ (17) അയ്യന്കേരിയില് സാബുവിന്റെ മകള്‍ സാഖി (17),പൂച്ചാക്കല്‍ ലിസിയം പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മുരിക്കുംതറയില് അനിരുദ്ധന്റെ മകള്‍ അര്‍ച്ചന (17), ബൈക്ക് യാത്രക്കാരന് മാനാശ്ശേരി അനീഷ് (37), അനീഷിന്റെ മകന് വേദവ് (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ കുട്ടികള്‍ തോട്ടിലേക്ക് തെറിച്ചുവീണു. തൊട്ടുപിന്നാലെ സൈക്കിളില്‍ പോവുകയായിരുന്ന ഒരു വിദ്യാര്‍ത്ഥിനിയെയും ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളുടെ നില ഇപ്പോള്‍ തൃപ്തികരമാണ്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പള്ളി ഭാഗത്തു നിന്നുംപൂച്ചാക്കല് ഇലക്ട്രിസിറ്റി ജംഗ്ഷനിലേക്ക് വരുകയായിരുന്ന കാര്‍ അനീഷിനെയും മകന് വേദവിനെയും ഇടിച്ചു തെറിപ്പിച്ച ശേഷം നടന്നു വരികയായിരുന്ന അനഘ, സാഖി, ചന്ദന എന്നിവരെ ഇടിച്ചു തെറിപ്പിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയ ശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഇടിയുടെ ആഘാതത്തില്‍ കൈവരിക്ക് മുകളിലൂടെ തെറിച്ച വിദ്യാര്‍ത്ഥിനികളില്‍ ചന്ദന സമീപത്തെ തോടിലേക്കും മറ്റു രണ്ടുപേര്‍ മതിലിനു മുകളിലൂടെ സമീപ പുരയിടത്തിലും വീണു. സൈക്കിളില്‍ വരികയായിരുന്ന അര്‍ച്ചനയെയും ഇടിച്ച ശേഷം മരത്തില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാര്‍ യാത്രികരായ പാണാവള്ളി ഇടവഴിക്കല്‍ മനോജ്(48), അസം സ്വദേശി അസ്ലം (26) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയ മനോജിനെയും അസ്ലമിനെയും കണ്ടുനിന്നവര്‍ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് എത്തിച്ചു.