ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിനുള്ള ആതിഥേയ ടീമിനെ മധ്യനിരക്കാരന്‍ അമര്‍ജിത് സിങ് കിയാം നയിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് 16 ദിവസം മാത്രമാണ് ഇനി അവേശേഷിക്കുന്നത്. ഒക്ടോബര്‍ ആറിന് യു.എസ്.എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പോര്‍ച്ചുഗീസുകാരനായ കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് കളിക്കാര്‍ക്കിടയില്‍ നടത്തിയ രഹസ്യ വോട്ടെടുപ്പിനൊടുവിലാണ് അമര്‍ജിതിന് നറുക്കു വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റനാക്കേണ്ട മൂന്നു കളിക്കാരുടെ പേര് മുന്‍ഗണനയനുസരിച്ച് എഴുതാന്‍ 27 കളിക്കാരോടും കോച്ച് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 26 കളിക്കാര്‍ അമര്‍ജിതിന്റെ പേരാണ് ഒന്നാമതായി എഴുതിയത്. 29 തവണ വിവിധ ടീമുകളിലായി ഇന്ത്യക്കു വേണ്ടി അമര്‍ജിത് കളിച്ചിട്ടുണ്ട്. കോമള്‍ താതലിനൊപ്പം ടീമിലുള്ള 27 കളിക്കാരില്‍ ഏറ്റവും അനുഭവ സമ്പന്നനും അമര്‍ജിത് തന്നെ. ജിതേന്ദ്ര സിങായിരിക്കും വൈസ് ക്യാപ്റ്റന്‍. നിലവില്‍ ഗോവയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീം ഇന്ന് മൗറീഷ്യസുമായി സന്നാഹ മത്സരത്തില്‍ കളിക്കും.