കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട് മരിച്ച വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാഠെയെ അനുസ്മരിച്ച് ബന്ധു നിലേഷ് സാഠെയുടെ ഓര്‍മക്കുറിപ്പ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരു വിമാനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാഠേ പിന്നീടൊരിക്കലും വിമാനം പറത്തുമെന്ന് കരുതിയിരുന്നില്ല എന്നും ഇച്ഛാശക്തി കൊണ്ടാണ് അദ്ദേഹം തിരിച്ചുവന്നത് എന്നും നിലേഷ് പറയുന്നു.
’36 വര്‍ഷത്തെ പറത്തല്‍ അനുഭവസമ്പത്തുള്ള പരിചയസമ്പന്നനായ വൈമാനികനാണ് ദീപക്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് ടോപ്പറായി പുറത്തിറങ്ങിയ പൈലറ്റ്. സ്വോഡ് ഓഫ് ഓണര്‍ പുരസ്കാര ജേതാവ്. ഇന്ത്യന്‍ വ്യോമസേനയില്‍ 21 വര്‍ഷം പൈലറ്റായി ജോലി ചെയ്ത ശേഷമാണ് 2005ല്‍ എയര്‍ ഇന്ത്യയില്‍ യാത്രാ പൈലറ്റായി അവന് ജോലിക്കു കയറുന്നത്.
ഒരാഴ്ച മുമ്പ് എന്നെ വിളിച്ചിരുന്നു. നല്ല ഉത്സാഹഭരിതനായിരുന്നു. വന്ദേഭാരത് മിഷനെ കുറിച്ച് ചോദിച്ച വേളയില്‍ അറബ് രാജ്യങ്ങളില്‍നിന്ന് പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്നതില്‍ അഭിമാനിക്കുന്നു എന്ന് അവന് പറഞ്ഞു. ‘യാത്രക്കാരെ അനുവദിക്കാത്ത രാജ്യത്തു നിന്ന് വിമാനം ഒന്നുമില്ലാതെയാണോ പറത്തുന്നത്’ എന്ന് ഞാന്‍ അവനോട് ചോദിച്ചു. ‘ഏയ്, അല്ല. ഈ രാജ്യങ്ങളിലേക്ക് പഴവും പച്ചക്കറിയും മരുന്നുമൊക്കെ കൊണ്ടു പോകും. ഒന്നുമില്ലാതെ പറത്താറില്ല’- എന്നായിരുന്നു മറുപടി. ഞങ്ങള്‍ തമ്മിലുള്ള അവസാന സംഭാഷണവും അതായിരുന്നു.
വ്യോമസേനയില്‍ ഇരിക്കെ തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരു വിമാനാപകടത്തെ അവന് അതിജീവിച്ചതാണ്. തലയോട്ടിക്ക് നിരവധി പരിക്കുകളേറ്റ് ആറു മാസത്തോളം ആശുപത്രിയില്‍ അവന് ചികിത്സയിലായിരുന്നു. അവന് വീണ്ടും വിമാനം പറത്തുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. എന്നാല്‍ ഇച്ഛാശക്തി കൊണ്ട്, പറക്കാനുള്ള അഭിനിവേശം കൊണ്ട് അവന് വീണ്ടും പരീക്ഷകള്‍ പാസായി. അതൊരു വിസ്മയമായിരുന്നു.
ഭാര്യയും രണ്ടു മക്കളെയും തനിച്ചാക്കിയാണ് സാഠെ പോയത്. രണ്ടു മക്കളും ഐ.ഐ.ടി മുംബൈയില്‍ നിന്ന് ജയിച്ചതാണ്. നാഗ്പൂരിലെ കേണല്‍ വസന്ത് സാഠെയുടെ മകനാണ് ദീപക്. നാഗ്പൂരില്‍ താമസം. സഹോദരന് ക്യാപ്റ്റന്‍ വികാസും ജമ്മുവില്‍ രാഷ്ട്രത്തെ സേവിക്കുന്ന സൈനികനാണ്.’ – നിലേഷ് എഴുതി.