‘നമ്മുടെ ഒരാളെ കൊന്നാല്‍ ചൈനയുടെ അഞ്ചുപേരെ കൊലപ്പെടുത്തണം’; മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

ചണ്ഡീഗഡ്: ഓരോ ഇന്ത്യന്‍ ജവാന്റെയും ജീവന് പകരം അഞ്ച് ചൈനീസ് പട്ടാളക്കാരെ വീതം കൊല്ലണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. അതിര്‍ത്തിയിലെ ചൈനീസ് പട്ടാളത്തിന്റെ അതിക്രമത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നമ്മുടെ ഒരാളെ കൊന്നാല്‍ അവരുടെ അഞ്ചുപേരെ കൊലപ്പെടുത്തണം. അതിര്‍ത്തിയില്‍ എന്തുകൊണ്ടാണ് സൈനികരെ ആയുധമില്ലാതെ അയച്ചത്. ഇതിന് അധികാരികള്‍ മറുപടി നല്‍കണം. ചൈനീസ് പട്ടാളത്തെ നേരിടാന്‍ വെറുംകൈയോടെ സേനയെ അയക്കാന്‍ ഇത് ശിലായുഗമല്ലെന്ന് ഓര്‍ക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത് ആരാണെന്ന് അറിയില്ല. സൈന്യം പട്രോളിങിന് പോകുമ്പോള്‍ സാധാരണ ആയുധം കയ്യില്‍ കരുതാറുണ്ട്. ചൈനീസ് സേന തയ്യാറെടുപ്പുകളോടെയാണ് വന്നത്. എന്നാല്‍ നമ്മുടെ സൈനികര്‍ ഒരു തയ്യാറെടുപ്പുമില്ലാതെയാണ് പോയത് എന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

സൈന്യത്തില്‍ ചേര്‍ന്ന തനിക്ക് 1963 ല്‍ ആദ്യ പോസ്റ്റിങ് ലഭിച്ചത് ചൈനീസ് അതിര്‍ത്തിയിലായിരുന്നു. തങ്ങളുടെ സംഘത്തിലെ ഒരാളും ആയുധമില്ലാതെ പുറത്ത് പോയിട്ടില്ലെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് വ്യക്തമാക്കി. ഇന്ത്യന്‍ ഭൂപ്രദേശം പയ്യെപ്പയ്യെ കയ്യടക്കാനാണ് ചൈനയുടെ ശ്രമം. ബലാക്കോട്ട് മാതൃകയില്‍ ചൈനയ്‌ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്നും അമരീന്ദര്‍സിങ് ആവശ്യപ്പെട്ടു.