കഴിഞ്ഞ വരവില്‍ ക്യാപ്റ്റന്‍ അഖിലേഷ് കുമാറിനെ കരിപ്പൂരുകാര്‍ കയ്യടിച്ച് സ്വീകരിച്ചു; കണ്‍മണിയെ കാണാതെ അവസാനമടക്കം ഇന്നലെ; വീഡിയോ

കോഴിക്കോട്: ഇന്നലെ രാത്രിയുണ്ടായ വിമാനഅപകടത്തില്‍ മരിച്ചവരില്‍ ക്യാപ്റ്റന്‍ അഖിലേഷ് കുമാറും. മെയ് 8 ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള ദുബായില്‍ നിന്നുള്ള ആദ്യ എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ വന്നിറങ്ങിയപ്പോള്‍ അതിന്റെ ക്യാപ്റ്റന്‍ അഖിലേഷ് കുമാര്‍ ആയിരുന്നു.

കഴിഞ്ഞ വരവില്‍ അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന ജനക്കൂട്ടം സ്വീകരിച്ചത് നിറഞ്ഞ കയ്യടിയോടെയായിരുന്നുവെങ്കില്‍ ഇന്നലെ അദ്ദേഹത്തിന്റെ മരണവാര്‍ത്തയില്‍ വേദനയോടെ തേങ്ങുകയാണ് നാട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം തുടങ്ങിയ ദൗത്യമായിരുന്നു വന്ദേ ഭാരത് മിഷന്‍. അതിന്റെ ഭാഗമായി, ദുബായില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ മെയ് 8 ന് വന്നിറങ്ങിയപ്പോള്‍ അതിന്റെ ക്യാപ്റ്റന്‍ അഖിലേഷ് കുമാര്‍ ആയിരുന്നു.

എന്നാല്‍, അതേ അഖിലേഷ് കുമാര്‍ കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ സഹപൈലറ്റായി അഖിലേഷ് വീണ്ടും കരിപ്പൂരിലെ റണ്‍വേയില്‍ ടച്ച് ഡൗണ്‍ ചെയ്തു. അത് അദ്ദേഹത്തിന്റെ അവസാനത്തെ ലാന്‍ഡിംഗ് ആയിരുന്നു. വിമാനത്തിന്റെ ക്യാപ്റ്റന്‍ ആയ വിങ് കമാണ്ടര്‍ ദിലീപ് വസന്ത് സാഠേക്കൊപ്പം അഖിലേഷും ആ അപകടത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച നടന്ന വിമാനാപകടത്തില്‍ മരണപ്പെട്ട പതിനെട്ടുപേരില്‍ മുപ്പത്തിരണ്ടുകാരനായ ഈ പൈലറ്റും ഉണ്ടായിരുന്നു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല എങ്കിലും, ഈ ഘട്ടത്തില്‍ അധികാരികള്‍ സൂചിപ്പിക്കുന്നത് ഈ രണ്ടു പൈലറ്റുമാരും സ്വന്തം ജീവന്‍ ബലികഴിച്ച് വിമാനത്തിലെ 170 യാത്രക്കാരുടെ ജീവന്‍ പൊലിയാതെ കാത്ത ധീരനായകര്‍ തന്നെയാണ് എന്നാണ്.

ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയാണ് ക്യാപ്റ്റന്‍ അഖിലേഷ് കുമാര്‍. ഗര്‍ഭിണിയായ ഭാര്യ മേഘയെ തനിച്ചാക്കിയാണ് അഖിലേഷ് മടങ്ങുന്നത്. ഡിസംബര്‍ 2017 ലായിരുന്നു അവരുടെ വിവാഹം. വളരെ കഠിനാധ്വാനിയായ ഒരു പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് പൈലറ്റ് ആയിരുന്നു അഖിലേഷ് എന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ അനുശോചിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.

SHARE