കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാാണ് ഗവേഷകര്‍. കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡിനെ പ്രതിരോധിക്കാന്‍ മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന് കോവിഡ് ഭേദമാക്കാന്‍ സാധിച്ചേക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇത് വിജയത്തിലെത്തുമോ എന്ന് പരീക്ഷിക്കുന്നതില്‍ നിലവില്‍ ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്.
3 കമ്പനികളാണ് ഈ മരുന്ന് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ട്രംപിന്റെ പരാമര്‍ശത്തിനു പിന്നാലെ കമ്പനികളുടെ ഓഹരി മൂല്യം കുതിച്ചുയര്‍ന്നെങ്കിലും കോവിഡ് പ്രതിരോധ ശേഷി ശാസ്ത്രീയമായി തെളിയിക്കും വരെ മരുന്നിന്റെ ഉപയോഗത്തില്‍ മുന്‍കരുതല്‍ വേണമെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ ഗവേഷണ കൗണ്‍സിലിന്റെ പരിശോധന വിജയിച്ചാല്‍ മാത്രമേ, വാണിജ്യതലത്തില്‍ മരുന്നു നിര്‍മാണം സാധ്യമാകൂ. പരിശോധനയും മരുന്നു നിര്‍മാണവും ഏതാനും മാസങ്ങളെടുക്കുമെന്നാണു സൂചന.
നിലവില്‍, കോവിഡ് രോഗികളില്‍ ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (യുഎസ്എഫ്ഡിഎ) അറിയിച്ചു. മരുന്നു ചിലരില്‍ ശക്തമായ പാര്‍ശ്വഫലങ്ങളുണ്ടാക്കാം എന്നതിനാല്‍, ഡോക്ടറുടെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.