മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണില്ല; പിതാവ് ആത്മഹത്യ ചെയ്തു

അഗര്‍ത്തല: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മകള്‍ക്ക് ഫോണില്ലാത്തതുകൊണ്ട് പിതാവ് ആത്മഹത്യ ചെയ്തു. ത്രിപുരയിലെ സിപാഹിജാല ജില്ലയിലാണ് അന്‍പത് വയസ്സുകാരനായ പിതാവ് മകള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കാന്‍ കഴിയാത്തതിനാല്‍ ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ചയാണ് സംഭവം പുറംലോകം അറിയുന്നതെന്ന് ത്രിപൂര പൊലീസ് അറിയിച്ചു.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍ബന്ധമാണെന്ന് മകള്‍ ആവശ്യപ്പെട്ടെങ്കിലും പിതാവിന് സാധാരണ ഫോണാണ് വാങ്ങി നല്‍കാന്‍ സാധിച്ചത്. പുതിയ ഫോണ്‍ ഇഷ്ടപ്പെടാത്ത മകള്‍ ദേഷ്യപ്പെടുകയും ഫോണ്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തു. ഇത് ഇരുവരും തമ്മിലുള്ള വാഗ്വാദത്തിലേക്ക് നയിക്കുകയും രാവിലെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ഇരുവരും തമ്മില്‍ വഴക്ക് നടന്നതായി പ്രദേശവാസികള്‍ പറഞ്ഞതായും പിതാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് കുടുംബത്തിന് വിട്ടുനല്‍കിയതായും പൊലീസ് പറഞ്ഞു.

SHARE