ഫിഫയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍

ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് ഫിഫ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ . ഇന്ത്യയിലെ ലീഗുകളായ ഐ ലീഗും ഐ എസ് എല്ലും ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്നതായിരുന്നു ഫിഫയുടെ നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം നിലവില്‍ നടപ്പിലാക്കാന്‍ ആവില്ലെന്നാണ് എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വ്യക്തമാക്കിയത്.

2018ല്‍ ഫിഫയും എ എഫ് സിയുമാണ് ഇന്ത്യയിലെ ലീഗുകള്‍ ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്ന നിര്‍ദേശം നല്‍കിയത്. അന്ന് ആ തീരുമാനത്തെ എ ഐ എഫ് എഫ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐ ലീഗും ഐഎസ്എല്ലും നിലവില്‍ ലയിപ്പിക്കാന്‍ കഴിയില്ല എന്ന് കുശാല്‍ ദാസ് വിശദീകരിക്കുന്നു.

ഇന്ത്യയില്‍ നിലവിലെ രണ്ട് ലീഗുകളും ലയിപ്പിച്ച് റിലഗേഷനു പ്രൊമോഷനും ഉള്ള ഒരു ലീഗ് ആക്കണമെന്നാണ് എഐഎഫ്എഫിന്റെ ആഗ്രഹം. എന്നാല്‍ ഇത്തരമൊരു നടപടിക്ക് ഐ എസ് ല്‍ അധികൃതര്‍ സമ്മതിക്കുമോ എന്ന് അറിയില്ല എന്നും കുശാല്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

ഐ ലീഗ് ക്ലബ്ബുകളുടെ പരാതി ലഭിച്ചതായി വ്യക്തമാക്കിയ ഫിഫ വിഷയത്തില്‍ എത്രയും പെട്ടെന്ന് ഫിഫയെ ബന്ധപ്പെടണമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ കത്തിന് അനുകൂലമായി എഐഎഫ്എഫും രംഗത്തെത്തിയിരുന്നു. ഫിഫ പറഞ്ഞ പ്രകാരമുള്ള ലീഗ് ലയനം തന്നെയാണ് നടപ്പാക്കുകയെന്നും എന്നാല്‍ ഇതിന് മൂന്ന് വര്‍ഷം സമയം വേണ്ടിവരുമെന്നുമാണ് എഐഎഫ്എഫിന്റെ നിലപാട്. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു

ഇന്ത്യന്‍ ഫുട്‌ബോളില്‍ അസ്ഥിത്വ പ്രശ്‌നം നേരിടുന്ന ഐ ലീഗിനെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഐ ലീഗ് മുന്‍നിര ക്ലബ്ബുകള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് കത്തയച്ചത്.
ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഐ ലീഗ് ക്ലബ്ബുകള്‍ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പക്ഷപാതപരമാണെന്നും ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഫിഫയെ സമീപിച്ച ആറ് ഐ ലീഗ് ക്ലബ്ബുകളാണ് എഎൈഎഫ്എഫിനെതിരെ പ്രധാനമന്ത്രിയെയും സമീപിച്ചത്.

SHARE