എല്‍ഡിഎഫിന് വീണ്ടും തിരിച്ചടി; എന്‍സിപി വനിതാ വിഭാഗം പ്രസിഡന്റ് രാജിവെച്ചു

പാലായില്‍ എല്‍ഡിഎഫിന് വീണ്ടും തിരിച്ചടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ എത്തിയതില്‍ പ്രതിഷേധിച്ചാണ് എന്‍സിപി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് റാണി സാംജി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. തെരഞ്ഞെടുപ്പ് സമയത്തല്ലാതെ മാണി സി കാപ്പനെ പാലായില്‍ കാണാനില്ല, എന്‍സിപി അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ചു എന്നീ ആക്ഷേപങ്ങളുന്നയിച്ചാണ് റാണി സാംജി രാജിവച്ചത്.

മാണി സി കാപ്പനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം 42 പേര്‍ എന്‍സിപി വിട്ടിരുന്നു. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണ് 42 പേര്‍ പാര്‍ട്ടി വിട്ടത്. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തേയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു.പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച 42 പേരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ പ്രതികരണം.

SHARE