‘ക്യാന്‍സര്‍ എന്ന കൂട്ടുകാരന്‍ എന്റെ ജീവിതത്തിലേക്ക് വന്നിട്ട് ,ഇന്നേക്ക് 11 വര്‍ഷം’; യുവാവിന്റെ കരളലയിപ്പിക്കുന്ന കുറിപ്പ് വൈറല്‍

മലപ്പുറം ജില്ലയിലേ വാഴക്കാട് പഞ്ചായത്തിലെ 13 ആം വാര്‍ഡില്‍ എടവണ്ണപ്പാറയിലെ ചീടിക്കുഴി എന്ന സ്ഥലത്താണ് ഇപ്പോള്‍ ഞാനും കുടുംബവും താമസിക്കുനത് .ഒരുപാട് നന്മയുള്ള നാട്ടുകാര്‍., ആദ്യം ഞാന്‍ ഈ പഞ്ചായത്തിലെ 6ആം വാര്‍ഡ് ആയ പരപ്പത്ത് എന്ന സ്ഥലത്തായിരുന്നു. അവിടെയാണ് ഞാന്‍ 19 വര്‍ഷം ജനിച്ച് വളര്‍ന്നതു ഒരു പാട് കളിക്കൂട്ടുകാരും, ആദ്യാക്ഷരം പഠിച്ച മദ്രസയും, സ്‌കൂളും എല്ലാം ഉള്ളതും.sslc ഒക്കെ കഴിഞ്ഞ് നടക്കുകയായിരുന്നു. അങ്ങനെ VAZHAKKAD GHSS ല്‍ +2 വില്‍ ആരുടെ ഒക്കെയോ കൈയ്യും കാലും പിടിച്ച് . സയന്‍സ് വിഭാഗത്തില്‍ കൊണ്ടുപോയി ഉമ്മ അഡ്മിഷന്‍ വാങ്ങി തന്നു. ഞങ്ങളെ നാട്ടിലെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു മണലെടുപ്പ്. സത്യം പറഞ്ഞാല്‍ എന്റെ നാലാം വയസില്‍ ഗള്‍ഫിലേക്ക് പോയതാണ് എന്റെ ഉപ്പ, 2 ഓ 3 ഓവര്‍ഷത്തില്‍ കുറച്ചു ദിവസം നാട്ടിലേക്ക് വന്നു പോകുന്ന ഒരധിതി എന്നു പറയാം, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്റെ പൊന്നുപ്പ, സത്യം പറഞ്ഞാല്‍ ഗള്‍ഫില്‍ നിന്നും വന്നാല്‍ ഒരാഴ്ച വീട്ടില്‍ ഉണ്ടാവും, പിന്നീട് തിരിച്ചു പോകുന്നത് വരെ ഉപ്പ ജോലിക്ക് പോവാറായിരുന്നു, എന്റെ കൂട്ടുകാരുടെ ഉപ്പ മാരും ഗള്‍ഫില്‍ ഉണ്ട്, അവര്‍ ലീവിന് വന്നാല്‍ അടിച്ചു പൊളിയായി ജീവിക്കുന്നത് കാണുമ്പോള്‍ എവിടെയൊക്കയോ ഒരു വിഷമം അലട്ടാറുണ്ടായിരുന്നു. +2 വില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ മണല്‍ വാരുന്ന തോണിയില്‍ വെള്ളം കോരി കളയാന്‍ പോകാറുണ്ടായിരുന്നു.

അന്ന് അതിന് 75 രൂപയാണ് ഒരു തോണിക്ക് കൂലി.പിന്നെ മണല്‍ ലോഡിംഗ് എല്ലാം ചൈതു. എന്നും വീട്ടില്‍ നിന്നും ക്ലാസില്‍ പോകുന്ന ഞാന്‍ നേരെ പോകാറുണ്ടായിരുന്നത് ലോറിയില്‍ മണല്‍ കയറ്റി ഇറക്കാനായിരുന്നു. അതിനും ഒരു കാരണം ഉണ്ട്.വീട്ടു സാധനങ്ങള്‍ പറ്റ് ബുക്ക് വെച്ചിട്ടായിരുന്നു പാങ്ങാറ്, പറ്റ് കൂടി വന്ന് കടക്കാരന് താങ്ങാവുന്നതിലും അപ്പുറം വരുമ്പോള്‍ പലപ്പോഴായി അവര്‍ ചിരിച്ചോണ്ട് പറയും ബാപ്പയോട് പൈസ തരാന്‍ പറയണം എന്ന്. പിന്നെ എന്റെ വീടിന്റെ ആധാരം എന്നും വാഴക്കാട് സര്‍വ്വീസ് ബാങ്കിന് ഉള്ളതായിരുന്നു, ഉപ്പ വരുമ്പോള്‍ അതെടുക്കും, തിരിച്ച് പോവാന്‍ ടിക്കറ്റിന് കാഷില്ലാതെ വരുമ്പോള്‍ അത് വീണ്ടും അവരുടെ പക്കല്‍ ഏല്‍പിച്ച് സുരക്ഷിതമാക്കും, ഈ പ്രയാസങ്ങള്‍ ഒക്കെ നേരില്‍ കണ്ടത് കൊണ്ടാവാം കല്ല് പേറാനും, മണല്‍ കോരാനും ഒക്കെ ഞാന്‍ ശീലിച്ചത്. ക്ലാസില്‍ പോവാതെ പിന്നീടത് നിര്‍ത്തി. പിന്നീട് മണല്‍ പണിക്ക് വിലക്കുകള്‍ പതിവായപ്പോള്‍ ഞാന്‍ ബസ്സില്‍ ക്ലീനര്‍ ആയും ചെക്കര്‍ ആയും 4 വര്‍ഷത്തോളം ജോലി ചൈതു. പിന്നെ അതിനിടക്ക് ഉപ്പ പറഞ്ഞു വര്‍ക്ക്‌ഷോപ്പ് ജോലി പഠിക്കാന്‍ എന്നാല്‍ ഉപ്പയുടെ കമ്പനിയില്‍ കഫീല്‍ ഒരു ജോലി തരാമെന്ന് പറഞ്ഞെന്ന്.അങ്ങിനെ എന്റെ സുഹൃത്ത് റഹൂഫിന്റെ വര്‍ക്ക്‌ഷോപ്പില്‍ പണി പഴിക്കാന്‍ കയറി.അങ്ങനെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുന്ന് എണീക്കുമ്പോള്‍ കണ്ണിന് ഒരു ഇരുട്ട് കയറലും, ഇടവിട്ട് രാപ്പനിയും ശരീരത്തിലെ ജോയിന്റ് കളില്‍ ഒരു വേദനയും നിറം മാറ്റവും ,ബലക്കുറവും കാണാന്‍ ഇടയായി.

അങ്ങനെ 4/3/2009 ന് വാഴക്കാടുള്ള Dr:ദിനേശ് നെ കാണിച്ചു,അപ്പോള്‍ സാര്‍ ബ്ലഡ് ചെക്ക് ചെയ്യാന്‍ പറഞ്ഞു. റിസള്‍ട്ട് കണ്ടപ്പോള്‍ അന്ന് തന്നെ കോഴിക്കോട്‌മെഡിക്കല്‍ കോളേജിലെ ഉദയഭാസ്‌കരന്‍ ഡോക്ടറെ കാണാന്‍ പറഞ്ഞു. സാറിനെ റിസള്‍ട്ട് കാണിച്ചപ്പോള്‍ ഇപ്പോ തന്നെ കോളേജില്‍ അഡ്മിറ്റാവാന്‍ പറഞ്ഞു.ഉമ്മയും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ അതോണ്ട് നാളെ അഡ്മിറ്റാവാം എന്നും പറഞ്ഞ് പോന്നിട്ട് പിറ്റേന്ന് അഡ്മിറ്റായി. അവിടം തൊട്ട് ടെസ്റ്റുകളുടെ പൊടിപൂരമായിരുന്നു. അവസാനം നട്ടെല്ലില്‍ നിന്നും ബോണ്‍മാരോ ടെസ്റ്റ് ചെയ്യണം എന്നും പറഞ്ഞു. സംഗതി ഏതാണ്ട് എന്താണെന്ന് അപ്പോഴേക്കും പിടികിട്ടിയിരുന്നു.എന്നും എന്നെ പരിശോധിക്കാന്‍ വരുന്ന ഡോക്ടറെ ഞാന്‍ എന്റെ അടുത്തിരുത്തി കുറച്ച് സംസാരിച്ചു. നട്ടെല്ലില്‍ നിന്നും ആ ടെസറ്റ് ചെയ്യുന്നത് എനിക്ക് പേടിയാണെന്നും, അങ്ങിനെ ചിലതെല്ലാം, പിന്നീട് വീട്ടിലെ അവസ്ഥകളും മറ്റും എന്നില്‍ നിന്നും ആ Dr ചോദിച്ച് മനസിലാക്കിയിട്ട് ഉപ്പയോട് അവര്‍ക്കൊന്ന് സംസാരിക്കണം എന്നും പറഞ്ഞ്, ഉപ്പയും അവരും ഫോണില്‍ സംസാരിക്കുകയും ചൈതു ,ബോണ്‍ മാരോ ടെസ്റ്റ് ചെയ്യാതെ തന്നെ എന്നെ പിറ്റേ ദിവസം അവിടുന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചൈതു.

9 ദിവസമേ അന്നേക്ക് ഉപ്പ ലീവ് കഴിഞ്ഞ് ഗള്‍ഫില്‍ക്ക് തിരിച്ചു പോയിട്ട് ആയിട്ടുള്ളൂ, 11 ആമത്തെ ദിവസം ഉണ്ട് ഉപ്പ വീട്ടിലേക്ക് തിരിച്ച് വരുന്നു. നാട്ടുകാര്‍ ഒരു പാട് പേര്‍ എന്നെ കാണാന്‍ വരുന്നു. ചില ബന്ധുക്കള്‍ എന്നെ നോക്കി കരയുന്നു. ചിലര്‍ എന്നെ ആശ്വസിപ്പിക്കുന്നു ,എന്തൊക്കയോ സംഭവിക്കുന്നത്‌പോലെ. പിറ്റേ ദിവസം വൈകുന്നേരം ആയപ്പോള്‍ ഉപ്പ പറഞ്ഞു നാളെ നമുക്ക് തിരുവനന്തപുരം വരെ ട്രൈന്‍ കയറിപോണം എന്ന്, ടിക്കറ്റ് മാളിയേക്കല്‍ സുലൈമാനക്കാ[ ഉപ്പയുടെ സുഹൃത്ത് ] എടുത്തിട്ടുണ്ടെന്നും എന്റെ സുഹൃത്ത് വാലില്ലാപുഴ ഉള്ള അഫ്‌സലും എന്റെ മാമന്റെ മോന്‍ നിസാം ഇവരൊക്കെ കൂടെ ഉണ്ടാവും എന്നു പറഞ്ഞു. പിറ്റേന്ന് 13/3/2009 ന് ഞാന്‍ അവരോടൊപ്പം ്രൈടന്‍ കയറിപ്പോയി, അഫ്‌സലിനോട് ഞാന്‍ ചോദിച്ചു എവിടെയാടാ നമ്മള്‍ ഇന്ന് നില്‍ക്കുക എന്ന്, അവന്‍ എന്നെയും കൊണ്ട് പോയത് തിരുവനന്തപുരം CH സെന്റെറിലേക്കാണ് മറക്കാന്‍ പറ്റില്ല ഈ ഇടം ഈ പതിനൊന്ന് വര്‍ഷവും താങ്ങും തണലുമായ ഒരു കാരുണ്യ സ്ഥാപനം,
പിറ്റേന്ന് 14/3/2009 രാവിലെ ഞങ്ങള്‍ എണീറ്റ് നേരെ ഒരു ഹോസ്പിറ്റലിലേക്ക് പോയി, CHല്‍ നിന്നും ഓട്ടോ വിളിച്ച് ഇറങ്ങിയപ്പോള്‍ ആ ബോര്‍ഡ് ഞാന്‍ വായിച്ചു കണ്ണ് തള്ളിപ്പോയി REGIONAL CANCER CENTER എന്നായിരുന്നു അത്.

ശരിക്കും പതറിപ്പോയി, മിണ്ടാന്‍ മറന്നു പോയി. അവിടെ റജിസ്‌ട്രേഷന്‍ കഴിഞ്ഞു, ഡോക്ടറെ അടുത്തേക്ക് വിട്ടു.അന്നാണ് ആദ്യമായി ആ വലിയ മനുഷ്യനെ ഞാന്‍ കാണുന്നത്. Dr:SHREEJITH NAIAR അദ്ധേഹം എന്നെ പരിശോധിച്ചു. കുറച്ച് ടെസ്റ്റുകള്‍ ചെയ്യണം എന്ന് എല്ലാം ചൈത് ഒരാഴ്ച കഴിഞ്ഞ് കാണിക്കാന്‍ പറഞ്ഞു. ആ ഒരാഴ്ച CH CENTER ല്‍ തന്നെയാണ് ഞങ്ങള്‍ നിന്നത്, ആ സ്ഥാപനത്തിന്റെ വളര്‍ച്ച ശരിക്കും കാണാന്‍ സാധിച്ചിട്ടുണ്ടെനിക്ക്, പ്രിയപ്പെട്ട നാട്ടുകാരന്‍ ET മുഹമ്മദ് ബഷീര്‍ സാഹിബാണ് അമരത്ത്. റിസള്‍ട്ടുകള്‍ വാങ്ങി സാറിനെ കാണാന്‍ ചെന്നു. എല്ലാം നോക്കിയിട്ട് സാര്‍ അസുഖത്തിന് ഇംഗ്ലീഷില്‍ ഒരു പേരും പറഞ്ഞു. CML [Cronic MEYILOID Luckeemia] എന്ന്, ശരിക്കും ആ പേര് എനിക്ക് മനസിലായില്ല.മലയാളത്തില്‍ അതിന്റെ പേര് സാറ് പറഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത് Blood Cancer, Dr ഒരു പാട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തന്നു. മരുന്നിന് കുറച്ചു തികം പണം വരുമെന്നും പറഞ്ഞു.എന്തായാലും എല്ലാം കേട്ടു ഇങ്ങ് പോരാന്‍ നിക്കുമ്പോള്‍ ‘ഉപ്പ മരുന്ന് വാങ്ങാന്‍ ഫാര്‍മസിയില്‍ ചെന്നപ്പോള്‍ വില കേട്ട് നട്ടിപ്പോയി, ഒരാഴ്ചത്തെ മരുന്നിന് വെറും 7500 രൂപ ആ ശീട്ടുമായി ഞാന്‍ സാറിനോട് പറഞ്ഞു. ഞങ്ങടെ കയ്യില്‍ ഇത് വാങ്ങാനുള്ള ക്യാഷ് ഒന്നും ഇല്ല. എന്നെ കൊണ്ട് കഴിയില്ല എന്ന്, പിന്നീട് സാറ് മരുന്ന് മാറ്റി എഴുതി, എന്നിട്ട് വില കൂടിയ ആ മരുന്ന് സൗജന്യമായി കിട്ടാനുള്ള ഫോമും, ആ കമ്പനിയുടെ നമ്പറും എല്ലാം തന്നു. റപിന്നീട് 5 വര്‍ഷത്തോളം എനിക്ക് ആ മരുന്ന് സൗജന്യമായി ലഭിക്കുകയും ചൈതു. അല്‍ഹംദുലില്ലാഹ്, അപ്പോഴേക്കും വീടും സ്ഥലവും എല്ലാം വിറ്റ് ചികിത്സ തുടങ്ങിയിരുന്നു.

ആ ഒരു സമയത്താണ് എന്റെ ഒരു സുഹൃത്ത് muneer Nadapuram ഗള്‍ഫിലുള്ള ഒരു റേഡിയോയിലൂടെ സഹായം ലഭിക്കുന്ന വഴി പറഞ്ഞു തന്നത്. അതു വഴി ഞാനവരെ ബന്ധപ്പെട്ടു, എല്ലാ രേഖകളും അവര്‍ക്ക് അയച്ചുകൊടുത്തു. പിന്നെ അവിടുത്തെ അവതാരകര്‍ Liyo എന്നോട് ഒരു അക്കൗണ്ട് എടുക്കാന്‍ ആവശ്യപെട്ടു. അതിന് ശേഷം അവര്‍ അവിടുന്ന് ഫോണില്‍ വിളിച്ചു, ഉപ്പയാണ് വിഷദമായി സംസാരിച്ചത്.അത് ഒരു ലൈവ് പ്രോഗ്രാം ആയിരുന്നു. പിന്നീട് ഒരുപാട് പ്രവാസികളുടെ വിളികള്‍ വന്നു, എന്നെ രണ്ട് കയ്യും നീട്ടി അവര്‍ സ്വീകരിച്ചു നല്ലൊരു സംഖ്യ അന്ന് പ്രവാസികളും KMCC യുംഎല്ലാവരും കൂടെ എനിക്ക് സ്വരൂപിച്ചു തന്നു. പിന്നീട് ചടിക്കുഴിയില്‍ സ്ഥലം എടുത്ത് ഒരു ഷെഡ് കെട്ടി താമസിച്ചു. ഘട്ടം ഘട്ടം ആയിട്ട് ഒരു വീട് ഇന്നായി അല്‍ഹംദുലില്ലാഹ്.

പിന്നീട് അഞ്ച് പൈസ പോലും വാങ്ങാതെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്ന് എന്റെ അസുഖങ്ങളെല്ലാം തുറന്ന് പറഞ്ഞ് ഞാനൊരു വിവാഹം കഴിച്ചു. അത് നല്ല രീതിയില്‍ പോകുന്നിടക്ക് എവിടെയോ ഒരു വിള്ളല്‍ സംഭവിച്ചു.അതിന് 6 മാസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. എന്തും ഞാന്‍ സഹിക്കാനും പൊറുക്കാനും ഞാന്‍ തയ്യാറായിരുന്നു. നിരപരാധികളായ എന്റെ രക്ഷിതാക്കളുടെ പേരില്‍ കള്ളം പറഞ്ഞ് കേസ് കൊടുക്കുകയും ചൈതു. അവസാനം അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി എന്റെ ഉമ്മയുടെ പേരില്‍ ഉള്ള സ്ഥലം വരെ വില്‍ക്കേണ്ടി വന്നു, ഇതിലെ യഥാര്‍ത്ഥ പ്രശ്‌നം എന്തെന്ന് ഞാന്‍ എന്റെ അടുത്ത ചില സുഹൃത്തുകളോട് പറഞ്ഞിട്ടും ഉണ്ട്.അതില്‍ അവര്‍ പറഞ്ഞു എന്റെ അസുഖത്തെ കുറിച്ച് ഞങ്ങള്‍ അവരോട് പറഞ്ഞില്ലാ എന്ന്. പിന്നെ ഒരു കിടു ഡയലോഗും ക്യാന്‍സര്‍ ബാധിച്ച ഒരാളോടൊപ്പം ഒരസുഖവും ഇല്ലാത്ത ഒരാള്‍ ജീവിതം തിരഞ്ഞെടുക്കുമോ എന്നതും ആ വാക്ക് എന്നെ വല്ലാതെ തളര്‍ത്തി, പിന്നെ ആ ദുഴിച്ച മനസുള്ള ആ ആളെ വെച്ച് ജീവിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ഇതില്‍ എന്റെ ഭാഗത്തും തെറ്റുണ്ടാവാം: ഞാന്‍ സത്യവാന്‍ അയ്യപ്പന്‍നായരൊന്നുമല്ലല്ലോ?

ഡിവോഴ്‌സിന് ശേഷം ഞാന്‍ പൂര്‍ണ്ണമായും തളര്‍ന്നു അതിന് ശേഷം അസുഖം വീണ്ടും അധികമായി, പഴയ മരുന്ന് മാറ്റി പുതിയ മരുന്നിലേക്ക് മാറാന്‍ നിര്‍ബഡിതനായി അന്ന് പടച്ചോന്‍ സൗജന്യമായാണ് മരുന്ന് തന്നെ തെങ്കില്‍ ഇന്ന് ഞാന്‍ കഴിക്കുന്ന മരുന്നിന്ന് 165000 രൂപയാണ് വില 5 വര്‍ഷമായി ഞാനത് കഴിക്കുന്നു. ഈ പ്രയാസങ്ങള്‍ അറിഞ്ഞ് ആരോ ഒരാള്‍ എന്റെ ഫോട്ടോയും ഉപ്പയുടെ നമ്പറും എല്ലാം വെച്ച് സോഷ്യല്‍ മീഡിയ വഴി ഒരു ധനശേഖരണം നടത്തി നല്ലൊരു സംഖ്യ അതിലേക്ക് എല്ലാവരും കൂടെ സ്വരൂപിച്ചു തരികയും ചൈതു. റമളാനിലെ സകാത്തിന്റെ ഒരു വിഹിതം തന്നെ പലരും എനിക്ക് വേണ്ടി മാറ്റി വെച്ചു. ഇതില്‍ മഹല്ലിനു കീഴില്‍ എന്റെ പേരില്‍ ജവാദ് ചികിത്സാ കമ്മറ്റി രൂപീകരിക്കുകയും ചൈതു.

ക്യാന്‍സര്‍ ബാധിച്ചു എന്ന് കരുതി ആരെയും ആശ്രയിച്ച് ജീവിക്കാന്‍ ഞാന്‍ തയ്യാറല്ല, ഹലാലായത് വയറ്റിലേക്ക് എത്താന്‍ പാടുള്ളൂ എന്ന നിര്‍ബന്ധം എനിക്കുണ്ട്. അന്നും ഇന്നും സഹതാപത്തോട് കൂടെ നോക്കുനവരുടെ മുഖം എനിക്കിഷ്ടമല്ല. അന്ന് കുറച്ച് പൈസ മുടക്കി ഞാന്‍ ഒരു സെക്കന്റ് ഹാന്റ് ഓട്ടോ വാങ്ങി ഓടിക്കാന്‍ തുടങ്ങി ചില്ലറ വരുമാനവും നേടി. അതോടൊപ്പം അന്നത്തെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയരുന്ന ജമ്പാര്‍ ഹാജി’യോടൊപ്പം ഡ്രൈവര്‍ ആയും ജോലി ചെയ്തു. ആ സമയത്താണ് എന്റെ മഹല്ലില്‍ കേരളത്തില്‍ അറിയപ്പെടുന്ന പ്രഭാഷകന്‍ വലിയുദ്ധീന്‍ ഫൈസി ഖത്തീബ് ആയി വന്നതും. പിന്നീട് ഉസ്താദ് അവിടുന്ന് വാഴക്കാടേക്ക് മാറി, എങ്കിലും ആ സൗഹൃദ ബന്ധം നിലനിര്‍ത്താന്‍ ഞങ്ങള്‍ പരസ്പരം ശ്രദ്ധിച്ചിരുന്നു. പ്രഭാഷണങ്ങള്‍ കൂടി വന്നപ്പോള്‍ ഉസ്താദിന്റ കാറില്‍ എന്നെ വിളിച്ചു .ജമ്പാര്‍ ഹാജിയുടെ സമ്മതപ്രകാരം തന്നെ ഞാന്‍ ഉസ്താദിനൊപ്പം 4 വര്‍ഷം കൂടി, ഇപ്പോ ഞാന്‍ ഉസ്താദിന്റെ സമ്മതപ്രകാരം വേറെ ജോലിയില്‍ കയറി. ഇപ്പോഴും എല്ലാ വേദികളിലും അന്നും ഇന്നും ഉസ്താദ് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട് അതാണെന്റെ ജീവിത നേട്ടവും ,സമ്പാദ്യവും.

മരുന്നിന്റെ വില താങ്ങാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ എന്റെ കമ്മറ്റി മെമ്പറായ സി.കെ ലത്തീഫ് ഒരു ദിവസം എന്റെ കൂടെ Drഏ കാണാന്‍ വന്നു സാമ്പത്തിക പ്രയാസം പറഞ്ഞു. പിന്നീട് ആ വില കൂടിയ മരുന്ന് ഒരു പ്രാവശ്യം വാങ്ങിയാല്‍ 7 പ്രാവശ്യം സൗജന്യമായി ലഭിക്കുന്ന രീതിയില്‍ ആയി കിട്ടി. അന്ന് Dr ചോദിച്ചു നിനക്ക് Esi ലഭിക്കുന്ന എന്തേലും ജോലി ഒന്ന് ശ്രമിച്ചൂടെ, ചിലപ്പോ അതിലൂടെ ആ മരുന്ന് വാങ്ങാന്‍ സാധിച്ചേക്കാം എന്ന്. പിന്നീട് എന്റെ ചിന്തയും അതായിരുന്നു.അങ്ങിനെ ഞാന്‍ അന്വേഷിച്ചപ്പോള്‍ ഏതെങ്കിലും കമ്പനികളില്‍ കയറിയാല്‍ ESI ലഭിക്കും എന്നറിഞ്ഞു. ക്യാന്‍സര്‍ രോഗം ബാധിച്ചവനുണ്ടോ ആരേലും ഭാരമുള്ള തോ മറ്റുമായ ജോലി തരുന്നു. അവര്‍ക്കും ഒരു ധൈര്യം വേണ്ടേ. ഈ വിവരം ഞാന്‍ മീഡിയാവണ്‍ ടീവിയില്‍ ന്യൂസ് വായിക്കുന്ന സൈഫുദ്ധീന്‍ പി.സി യുമായി പങ്കുവെച്ചു, അവന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ മീഡിയാ വണ്ണിലേക്ക് ഇന്റെര്‍വ്യൂ ന് എത്തി, അന്ന് സബീല്‍ സാഹിബും അബ്ദുള്ളക്കയും ആണ് എന്നോട് സംസാരിച്ചത് അവര്‍ കമ്പനിയുടെ ഭാഗവും ഞാന്‍ എന്റെ ഭാഗവും പരസ്പരം തമ്മില്‍ സംസാരിച്ചു.’ എല്ലാം പറഞ്ഞ് പിരിയാന്‍ നേരം എന്റെ അസുഖത്തെയും മരുന്നിന്റെ കാര്യവും എല്ലാം ഞാന്‍ തുറന്ന് പറഞ്ഞു. വിവരങ്ങള്‍ അറീക്കം എന്നും അവര്‍ പറഞ്ഞു. ഒരാഴ്ചക്ക് ശേഷം അവര്‍ വിളിച്ച് പറഞ്ഞൂ നിങ്ങളുടെ ബോഡി ഫിറ്റാണന്നുള്ള ചികിത്സിക്കുന്ന Dr ടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് ‘അതും ഞാന്‍ കമ്പനിക്ക് നല്‍കി, പിന്നീടവര്‍ ജോലിയില്‍ കയറാന്‍ പറഞ്ഞു. അപ്പോഴേക്കും മുമ്പ് വിറ്റു എന്ന് പറഞ്ഞ അതില്‍ കുറച്ച് പൈസ ഉണ്ടായിരുന്നു അതെടുത്ത് ഉംറക്ക് പോകാന്‍ ഉദ്ധേശിച്ചിരുന്നു. അതവരോട് ധരിപ്പിച്ചു പോള്‍ എങ്കില്‍ ഉംറ കഴിഞ്ഞതിന് ശേഷം ജോലിയില്‍ കയറാന്‍ കമ്പനി പറഞ്ഞു. ഇത്രയും ശാരീരിക പ്രശ്‌നങ്ങളും രോഗങ്ങളുള്ള എനിക്കവര്‍ ജോലി തന്നതില്‍ മീഡിയാ വണ്ണിന്റെ മാനേജ്‌മെന്റിനോടും മറ്റും തീര്‍ത്താല്‍ തീരാത്ത കാപ്പാടുണ്ടെനിക്ക് . പിന്നീട് ESI കമ്പനി റെഡിയാക്കി തന്നു. അതിലൂടെ ഞാന്‍ ഒരു പാട് തവണ മരുന്നും വാങ്ങിയിട്ടുണ്ട്. അതു മൂലം എന്റെ കുടുംബത്തിന്റെ ചികിത്സയും നടന്നു പോകുന്നുണ്ട് ‘എങ്കിലും ചികിത്സക്ക് പണം വേണം.

ഈ മരുന്ന് കഴിച്ചാല്‍ ചിലര്‍ക്ക് ലന്‍സില്‍ നീര് ഇറങ്ങാന്‍ സാധ്യത ഉണ്ട്, എന്തായാലും ആ ഭാഗ്യവും എനിക്ക് കിട്ടി, രണ്ട് വര്‍ഷം മുമ്പ് ഒരു ബലിപെരുനാളിന്ന് ശ്വാസതടസീ നേരിടുന്നത് പോലെയും കടുത്ത പനിയും വന്നു.നേരെ ഓമശ്ശേരിയിലെ ശാന്തി ഹോസ്പിറ്റലില്‍ അഡ്മിറ്റാവുകയും ചൈതു. അവിടുത്തെ Dr: ശംസീര്‍ പലോറ ഉപ്പയുടെ സുഹൃത്തും കൂടിയാണ് അവരെയാണ് ഞാന്‍ കാണിക്കാറ്, അന്ന് OP യില്‍ കയറി സാറ് പരിശോധിക്കുമ്പോള്‍ ഞാന്‍ കുഴഞ്ഞു വീഴുകയും ചെയ്തു. പിന്നീട് 2 ദിവസം icu വില്‍ സുഖചികിത്സയില്‍ ആയിരുന്നു. അവിടെ ഞാന്‍ അഡ്മിറ്റാണെന്നുള്ള വിവരം അറിഞ്ഞ് മീഡിയാവണ്‍ ചെയര്‍മാന്‍ പി.മുജീബ് റഹ്മാന്‍ സാഹിബ് വന്ന് ഒരു പാട് ആശ്വാസവാക്കുകളും, എന്തിനും ഏതിനും ഞങ്ങള്‍ കൂടെ ഉണ്ടെന്നും പറഞ്ഞ് എന്റെ കണ്ണും നിറച്ചാണ് ആ വലിയ മനുഷ്യന്‍ അവിടുന്ന് പോയത്. ലെന്‍സില്‍ നിര് നിറഞ്ഞു നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ഞാനെത്തിയിരുന്നു. അവിടുന്ന് മുതുകില്‍ സൂചിലന്‍സിലേക്കിറക്കി നീര് യിച്ചെടുത്തു. പിന്നീട് ശ്വാസത്തിന് വല്ലാതെ തകരാറ് വരികയും മറ്റു പ്രശ്‌നങ്ങള്‍ കൂടി ആവുകയും കൂടി ചൈപ്പോള്‍ ബേബി ഹോസ്പിറ്റലിലേക്ക് മാറ്റി.

അവിടെ എത്തുമ്പഴേക്കും അന്നത്തെ മീഡിയാവണ്‍ ഡെപ്യൂട്ടി സി.ഇ.ഒ ഇപ്പോള്‍ ബിസിനസ് ഹെഡ് സാജിദ് സാര്‍ നെ ഉപ്പ വിളിച്ച് ബേബിയിലേക്ക് മാറ്റുന്ന വിവരം ധരിപ്പിച്ചു’ അപ്പോഴേക്കും സാര്‍ അവിടേക്ക് വിളിച്ച് പറഞ്ഞ് എല്ലാം ശരിയാക്കിയിരുന്നു. ഈ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ സാധിച്ചതില്‍ ഞാനഭിമാനം കൊള്ളുന്നു, ബേബിയില്‍ നിന്നും എന്നെ വീണ്ടും icu ലേക്ക് മാറ്റി. അന്ന് എന്നെ പരിചരിച്ച Dr അനൂപ്, Dr: സാബിര്‍ എന്നിവരായിരുന്നു. സാബിര്‍ സാറിനെ ഞാന്‍ മറക്കില്ല ഇപ്പോഴും ഞങ്ങള്‍ ആ ബന്ധം തുടരുന്നുമുണ്ട്. അവര്‍ നോക്കിയതിന് ശേഷം എന്റെ രണ്ട് വാരിയെല്ലും തുളച്ച് റ്റിയൂബ് ഇട്ടു ലെന്‍സിലെ നീര് വലിച്ചെടുത്തു.7 ലിറ്ററോളം നിര് എന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു.6 ദിവസം ഞാന്‍ വെന്റിലേറ്ററിലും ആയിരുന്നു’ രണ്ട് വാരിയെല്ലും തുളച്ചത് കാരണം ഒന്ന് തിരിയാനോ മറിയാനോ ഒന്നും പറ്റാതെ ഞാന്‍ 20 ദിവസത്തോളം ആശുപത്രി റൂമിലും കിടന്നു.5 മാസത്തോളം റെസ്റ്റും വേണ്ടിവന്നു. ഞാന്‍ കഴിക്കുന്ന മരുന്നിന്റെ സൈഡ് എഫക്ട് കാരണമാണ് ഈ നീര് വന്നത് എന്ന് പല ടെസ്റ്റുകളിലൂടെയും മനസിലാക്കാന്‍ സാധിച്ചു. ഈ സമയം യൂറി നില്‍ വല്ലാതെ പത കൂടി വരികയും ഇടവിട്ട് ഇന്‍ഫക്ഷന്‍ വരികയും ചൈതപ്പോള്‍ KMCT മെഡിക്കല്‍ കോളേജിലെ നഫ്രോളജി വിഭാഗത്തിലെ Dr സജീഷിനെ കാണിക്കുകയും കിഡ്‌നിയില്‍ നിന്നും ഒരു ബയോപ്‌സി ചെയ്യുകയും ചൈതു.

അതലൂടെ ഒരു വിവരം കൂടി അറിഞ്ഞു, യൂറിനിലൂടെ വല്ലാതെ പ്രോട്ടീന്‍ ലീക്ക് ഉണ്ടെന്നും അതിനും കാരണം ഞാന്‍ കഴിക്കുന്ന മരുന്നാണെന്നും. ഈ മരുന്ന് കഴിച്ചിട്ട് പ്രോട്ടിന്‍ ലീക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ആളും world ല്‍ 9 ആമത്തെ ആളും എന്ന ബഹുമതിയും ഞാന്‍ സ്വന്തമാക്കി.
ഈ അവസ്ഥയില്‍ എന്റെ ഹോസ്പിറ്റല്‍ ബില്ലുകള്‍ അടക്കാന്‍ സഹായിച്ചത് നാട്ടുകാരും കൂട്ടുകാരും കൂടെ പഠിച്ചു വരും എന്റെ സഹപ്രവര്‍ത്തകരും ഒക്കെയാണ്.

മാപ്പിള പാട്ടിനോട് വല്ലാത്ത ഇഷ്ടമാണെനിക്ക്, അത് കൊണ്ട് ആ മേഖലയില്‍ ഉള്ളവരുമായി സൗഹൃദ ബന്ധവും ഉണ്ട്. VM കുട്ടി മാഷ്, എരഞ്ഞോളി മൂസക്ക,ഫൈസല്‍ എളേറ്റില്‍, വിളയില്‍ ഫസീലത്ത, രഹനത്ത, അങ്ങിനെ ഒരു പാട് പേര്‍ ഒരു പാട് ഇഷ്ടമുള്ള നടനായിരുന്നു കലാഭവന്‍ മണി അല്ല എന്റെ മണിച്ചേട്ടന്‍ അങ്ങനെ വിളിക്കാനുള്ള അധികാരവും എനിക്കദ്ധേഹം തന്നിട്ടുണ്ട്. രഹ്നത്തയുടെ ഭര്‍ത്താവ് നവാസ്‌ക്കയോടും എനിക്ക് നല്ല ബന്ധമായിരുന്നു. ഈ അടുത്തവര്‍ മരണപ്പെട്ടു.പരലോക വിജയം നല്‍കട്ടേ ആമീന്‍’ മണി ചേട്ടനോടുള്ള ഇഷ്ടം നവാസ്‌ക്കാക്ക് അറിയാമായിരുന്നു. ഒരു ദിവസം നവാസ്‌ക്ക വിളിച്ചു ചോദിച്ചു നീ വയനാട്ടിലേക്ക് പോരുന്നോ ഇന്നവിടെയാണ് പ്രോഗ്രാം എന്ന്. നല്ല ക്ഷീണം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഇക്ക പറഞ്ഞു ഇന്ന് മണി ചേട്ടന്റെ കൂടെയാണ് പരിപാടി, ഞാന്‍ അവരോട് സംസാരിക്കാം എന്നും. അന്ന് രാത്രി ഒരു പന്ത്രണ്ടര മണിക്ക് എനിക്ക് ഒരു കാള്‍ വന്നു, ആദ്യം ഒന്നും ആളെ പറയാതെ എന്റെ വിശേഷങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു. ഒടുക്കം പറഞ്ഞു രഹ്നത്തയും നവാസ്‌ക്കയും എന്റെ കാര്യം പറഞ്ഞ് മണി ചേട്ടന് എന്റെ നമ്പര്‍ നല്‍കി എന്ന്, വിളിച്ചത് ആ മനുഷ്യനായിരുന്നു. പകരം വെക്കാനില്ലാത്ത ആ കറുത്തമുത്ത് കലാഭവന്‍ മണി. പിന്നീട് ഞങ്ങള്‍ പരസ്പരം ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു.

നേരില്‍ കാണാന്‍ അദ്ധേഹം ഒരു പാട് വിളിച്ചതായിരുന്നു. അതോടൊപ്പം സാമ്പത്തിക പ്രയാസം വന്നാല്‍ എന്നോട് പറഞ്ഞിട്ടേ മോന്‍ മറ്റൊരാളോട് പറയാവൂ എന്നും പറഞ്ഞിരുന്നു. ആവശ്യം വരുമ്പോള്‍ ഞാന്‍ അറീക്കാം എന്നും പറഞ്ഞു ഞാന്‍. പക്ഷേ എന്റെ ആരോഗ്യ പ്രശ്‌നം കാരണം പരസ്പരം കാണാനും സാധിച്ചില്ല,അവസാനം ഞാന്‍ കണ്ടത് മരിച്ച് ചില്ലിന്‍കൂട്ടില്‍ കിടക്കുന്ന മണി ചേട്ടനെ ആയിരുന്നു’

നന്ദി ഉണ്ട് എല്ലാവരോടും എനിക്ക് സപ്പോര്‍ട്ട് തന്നവരോട് പ്രയാസ ഘട്ടത്തില്‍ എന്നെ സഹായിച്ചവരോട്, പ്രാര്‍ത്ഥിച്ചവരോട്, ഒരു പുഞ്ചിരി തന്നവരോട് അങ്ങനെ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് മറക്കില്ല മരിക്കുവോളം ഞാന്‍, എന്റെ പ്രാര്‍ത്ഥനകളില്‍ നിങ്ങള്‍ക്കെല്ലാര്‍ക്കും ഒരിടം ഞാന്‍ നല്‍കാറുണ്ട്.

ഒരൊറ്റ ആഗ്രഹം കൂടി ഉണ്ട് ജീവിതത്തില്‍ ഒരു വട്ടം കൂടി ഒന്ന് മക്ക കാണാനും മദീനയില്‍ ചെന്ന് എന്റെ ഹബീബിനോട് നേരില്‍ സലാം ചൊല്ലാനും, അന്ന് പോയപ്പോള്‍ ആരോഗ്യ പ്രശ്‌നം കാരണം പലതും നടന്നില്ല, അതിന് ഒരു വഴി എന്റെ റമ്പ് എനിക്ക് മുന്നില്‍ തുറന്ന് തരും എന്ന പൂര്‍ണ്ണ വിശ്വാസം ഇപ്പോഴും എനിക്കുണ്ട്.

സ്‌നേഹത്തോടെ ജവാദ് എടവണ്ണപ്പാറ

SHARE