‘അസഹിഷ്ണുത വച്ചു പൊറുപ്പിക്കില്ല’; ഇസ്‌ലാമോഫോബിയ പരത്തിയ ഇന്ത്യയ്ക്കാരനെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ട് കനഡ

ടൊറന്റോ: ഇസ്‌ലാമോഫോബിയ നിറഞ്ഞ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത ഇന്ത്യയ്ക്കാരനെതിരെ നടപടിയെടുത്ത് കനഡ. അറബ് രാഷ്ട്രങ്ങള്‍ക്കു പിന്നാലെയാണ് വിഷയത്തില്‍ കനഡയും ശക്തമായ നിലപാട് സ്വീകരിക്കുന്നത്. രവി ഹൂഡ എന്ന ഇന്ത്യക്കാരനെയാണ് അധികൃതര്‍ ജോലിയില്‍ നിന്നും സ്‌കൂള്‍ സമിതിയില്‍ നിന്നും പുറത്താക്കിയത്.

റമസാനില്‍ ലൗഡ് സ്പീക്കറിലൂടെ ബാങ്കു വിളിക്കാനും നിസ്‌കാരം നടത്താനും ടൊറന്റോ മേഖലയിലെ മുനിസിപ്പാലിറ്റി അനുമതി നല്‍കിയതിനെതിരെയാണ് രവി ഹൂഡ ട്വിറ്ററില്‍ പ്രതികരിച്ചത്. ‘അടുത്തത് എന്താണ്? ഒട്ടക-ആട് യാത്രികര്‍ക്ക് പ്രത്യേക വഴി, ബലിയുടെ പേരില്‍ മൃഗങ്ങളുടെ കശാപ്പിന് അനുമതി. നിയമപ്രകാരം എല്ലാ സ്ത്രീകളും അവരുടെ മുഖം മുതല്‍ കാലുവരെ മറക്കണം’ – എന്നായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്.

സ്വതന്ത്ര മൂല്യങ്ങള്‍ക്ക് പേരു കേട്ട കനഡയില്‍ ട്വീറ്റ് ഒച്ചപ്പാടുണ്ടാക്കി. ഇതോടെ ഹൂഡയെ സ്‌കൂള്‍ കൗണ്‍സില്‍ ചെയറില്‍ നിന്ന് നീക്കം ചെയ്യുന്നതായി ബ്രാംപ്റ്റണിലെ പീല്‍ ഡിസ്ട്രിക് സ്‌കൂള്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. ഇദ്ദേഹത്തിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. പ്രിന്‍സിപ്പല്‍ വിഷയത്തില്‍ അന്വേഷണം തുടങ്ങിയതായും ഇസ്‌ലാമോഫോബിയ വച്ചു പൊറുപ്പിക്കില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്താക്കി.

ഹൂഡയുമായുള്ള കോണ്‍ട്രാക്ട് റദ്ദാക്കിയതായി കനഡയിലെ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിങ് വെബ്‌സൈറ്റായ റിമാക്‌സ് കനഡയും അറിയിച്ചു. ‘മിസ്റ്റര്‍ ഹൂഡയുടെ കാഴ്ചപ്പാടുകളുമായി ഒത്തുപോകില്ല. ബഹുസ്വരതയും വൈവിധ്യവുമാണ് നമ്മുടെ സമുദായങ്ങളുടെ മികച്ച ഗുണങ്ങള്‍. ഈ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്’ – വെബ്‌സൈറ്റ് അറിയിച്ചു.

ഇത് വച്ചു പൊറുപ്പിക്കില്ലെന്ന് ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണും വ്യക്തമാക്കി. എല്ലാ വിശ്വാസങ്ങളെയും തുല്യമായി പരിഗണിക്കുക എന്നതാണ് ഞങ്ങളുടെ നയം. എല്ലാ വിശ്വാസികള്‍ക്കും നിയന്ത്രണ വിധേയമായി ആരാധനാ കര്‍മങ്ങള്‍ നടത്താം. മുസ്‌ലിം സമുദായങ്ങള്‍ക്ക് ആരാധന തുടരാം- പാട്രിക് കൂട്ടിച്ചേര്‍ത്തു.


കനഡയിലെ അംഗീകൃത കുടിയേറ്റ കണ്‍സല്‍ട്ടന്റാണ് ഹൂഡ. ഇദ്ദേഹത്തിന്റെ ലൈസന്‍സ് എടുത്തു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചനയുണ്ട്. തന്റെ ട്വീറ്റുകള്‍ ദുര്‍വ്യാഖ്യാനിച്ചതാണ് എന്നാണ് ഹൂഡയുടെ വിശദീകരണം. തന്റെ ഭാഗം കേള്‍ക്കാതെയാണ് തനിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.