ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം: നമ്മള്‍ അവര്‍ക്കു മേല്‍ പൂക്കള്‍ വിതറി, കനഡ ശമ്പളം വര്‍ദ്ധിപ്പിച്ചു

ടൊറന്റോ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് കനേഡിയന്‍ ഭരണകൂടം. വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയാണ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. എല്ലാ പ്രവിശ്യകളിലെയും ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചതായും ബജറ്റില്‍ ഇതിനായി മൂന്ന് ബില്യണ്‍ കനേഡിയന്‍ ഡോളര്‍ നീക്കി വച്ചതായും അദ്ദേഹം അറിയിച്ചു.

ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമായി പൂക്കള്‍ വിതറുകയും പാത്രം മുട്ടുകയും ചെയ്ത വേളയിലാണ് കനഡയുടെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞയാഴ്ചയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് എയര്‍ഫോഴ്‌സ് വിമാനങ്ങളും ഹെലികോപ്ടറുകള്‍ക്കും ആശുപത്രികള്‍ക്കു മേല്‍ പൂക്കള്‍ വിതറിയിരുന്നത്. നേവി കപ്പലുകളില്‍ നന്ദി വാക്യങ്ങള്‍ പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരമായി കോപ്ടറില്‍ നിന്ന് പൂക്കള്‍ വിതറുന്നു

ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. പൂക്കളും പാട്ടുമല്ല, സംരക്ഷണമാണ് വേണ്ടത് എന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചിരുന്നത്. രാജ്യത്ത്് വേണ്ടത്ര വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പി.പി.ഇ) ഇല്ലെന്ന പരാതി ഉയരുകയും ചെയ്തിരുന്നു. ഡല്‍ഹി എയിംസില്‍ അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.

പുതിയ തീരുമാനത്തോടെ കനഡയില്‍ ഒരു ആരോഗ്യപ്രവര്‍ത്തകന് ചുരുങ്ങിയത് 1,800 കനേഡിയന്‍ ഡോളറിന്റെ അധിക സമ്പാദ്യമുണ്ടാകും. ഏകദേശം 96,000 ഇന്ത്യന്‍ രൂപ. അയല്‍രാജ്യമായ യു.എസുമായി താരതമ്യം ചെയ്യുമ്പോള്‍ കനഡയില്‍ താരതമ്യേന കുറഞ്ഞ കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ശനിയാഴ്ചയിലെ കണക്കുപ്രകാരം രാജ്യത്ത് 67,000 പോസിറ്റീവ് കേസുകളാണ് ഉള്ളത്. 4,700 പേര്‍ മരണത്തിന് കീഴടങ്ങി. രാജ്യത്തെ പാതി കോവിഡ് കേസുകളും ക്യുബെക് പ്രവിശ്യയിലാണ്.