ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ല; ചൈനക്കെതിരെ നയതന്ത്ര പോരിലേക്ക് കാനഡയും

ഒട്ടാവ: കാനഡയും ചൈനയും കടുത്ത നയതന്ത്ര പോരിലേക്ക്. ദേശസുരക്ഷാ നിയമം ചൈന പാസാക്കിയതിനു പിന്നാലെ കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഹോങ്കോങ്ങുമായി നിലവില്‍ ഉണ്ടായിരുന്ന കരാര്‍ കാനഡ റദ്ദാക്കി. ഹോങ്കോങ്ങിലേക്കു സൈനിക ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതും നിര്‍ത്തിവച്ചു. തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കാനഡയുടെ സൈനിക ഉപകരണങ്ങള്‍ ചൈനയുടെ പക്കല്‍ എത്തുന്നതു തടയുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു.

മൊബൈല്‍ ടെലികോം സാങ്കേതികവിദ്യാരംഗത്തെ വമ്പന്‍ ചൈനീസ് കമ്പനിയായ വാവെയ്‌യുടെ സ്ഥാപകന്‍ റന്‍ ഴെങ്‌ഫൈയുടെ മകളും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ മെങ് വാന്‍ഷു (48) 2018ല്‍ കാനഡയില്‍ അറസ്റ്റിലായതോടെയാണ് ചൈനയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. പിന്നാലെ ചാരവൃത്തി ആരോപിച്ച് കാനഡയുടെ രണ്ടു നയതന്ത്ര ഉദ്യോഗസ്ഥരെ ചൈന തടവിലാക്കിയിരുന്നു. നയതന്ത്ര പ്രതിനിധികളെ വിട്ടുകിട്ടാന്‍ രാജ്യാന്തര തലത്തില്‍ കാനഡ സമ്മര്‍ദം ശക്തമാക്കിയെങ്കിലും ഫലം കണ്ടില്ല.

സംഭവത്തെ തുടര്‍ന്ന് കാനഡയില്‍ ചൈനാവിരുദ്ധ വികാരം ശക്തമായി. തുടര്‍ന്ന് ചൈനയ്ക്കുള്ള ശക്തമായ സന്ദേശം എന്ന നിലയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കാനഡ തീരുമാനിക്കുകയായിരുന്നു. ഹോങ്കോങ്ങിലേക്കുള്ള സൈനിക ആയുധങ്ങളുടെ കയറ്റുമതിയും തന്ത്രപ്രധാനമായ വസ്തുക്കളുടെയും വ്യാപാരം യുഎസ് അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണു കടുത്ത നടപടികളുമായി കാനഡയും രംഗത്തെത്തിയത്.തങ്ങളുടെ അധികാരം ലോകരാജ്യങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനാണു ചൈന ശ്രമിക്കുന്നത്. ചൈനയ്‌ക്കെതിരെയുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് വ്യാപാരബന്ധങ്ങള്‍ ശക്തമാക്കാന്‍ സമ്മര്‍ദമുണ്ടെന്നു പറഞ്ഞ ട്രൂഡോ ഭീഷണിക്കു വഴങ്ങില്ലെന്നും അറിയിച്ചു.

SHARE