കോവിഡ് ഭേദമായവര്‍ക്ക് വീണ്ടും രോഗം ബാധിക്കുമോ?; വിദഗ്ധര്‍ പറയുന്നതിങ്ങനെ

ഒരിക്കല്‍ കോവിഡ് വന്നു പോയാല്‍ വീണ്ടും കൊറോണ വൈറസ് ബാധിക്കുമോ?. ഈ ഉത്കണ്ഠ പങ്കുവയ്ക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും അപകടകരമായ രീതിയില്‍ കോവിഡ് ഒരാളെ വീണ്ടും ആക്രമിച്ച് കീഴ്‌പ്പെടുത്താനുള്ള സാധ്യത വിരളമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അര്‍ധശങ്കയ്ക്കിടയില്ലാത്ത വണ്ണം കോവിഡിന്റെ രണ്ടാം ബാധ തെളിയിക്കുന്ന കേസുകളൊന്നും ഇതേ വരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഹാര്‍വഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ പബ്ലിക് ഹെല്‍ത്തിലെ സാംക്രമികരോഗ വിദഗ്ധന്‍ മാര്‍ക്ക് ലിപ്‌സിച്ച് പറയുന്നു. കോവിഡിനെതിരെ നീണ്ട് നില്‍ക്കുന്ന സാമൂഹിക പ്രതിരോധം സാധ്യമാണെന്നു തന്നെയാണ് മറ്റ് വിദഗ്ധരും പറയുന്നത്.
കോവിഡ് രണ്ടാമതും ഒരാള്‍ക്ക് വന്നാലും അത് ഉടനെ പ്രത്യക്ഷമാകുകയോ രോഗിയില്‍ തീവ്ര ലക്ഷണങ്ങളുണ്ടാക്കുകയോ ചെയ്യില്ലെന്നും സാംക്രമികരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ വീണ്ടും കോവിഡ് ബാധിതരാകുന്നവരില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയും വിരളമാണ്.

ആന്റി ബോഡികളുടെ തോത് കോവിഡ് നെഗറ്റീവായതിനു ശേഷം കുറയുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയിലെ ഇമ്യൂണോളജിസ്റ്റ് ഡോ. മൈക്കിള്‍ മിന പറയുന്നു. അണുബാധയുണ്ടാകുമ്പോള്‍ ആന്റിബോഡികള്‍ പുറപ്പെടുവിക്കുന്ന ആദ്യ കോശങ്ങളെ പ്ലാസ്മബ്ലാസ്റ്റുകള്‍ എന്നാണ് വിളിക്കുക.ആവശ്യമുള്ളപ്പോള്‍ വീണ്ടും ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടാകും. ആന്റിബോഡികള്‍ക്ക് പുറമേ ടി കോശങ്ങളും പ്രതിരോധ സംവിധാനത്തിന് കരുത്തേകും.

മുന്‍പ് വന്ന് പോയിട്ടുള്ള വൈറല്‍ അണുബാധകളുടെ ഫലമായി ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തിനും കോവിഡിനെതിരെ ചെറിയ തോതിലുള്ള പ്രതിരോധശേഷിയുണ്ടെന്നാണ് മനസ്സിലാക്കേണ്ടതെന്ന് സിംഗപ്പൂരിലെ ഡ്യൂക് എന്‍യുഎസ് മെഡിക്കല്‍ സ്‌കൂളിലെ വൈറോളജിസ്റ്റ് ഡോ. ആന്റോണിയോ ബെര്‍ടൊലെറ്റി പറയുന്നു. പുതിയ കൊറോണ വൈറസിനോടുള്ള മനുഷ്യന്റെ പ്രതിരോധത്തിന്റെ സ്വഭാവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാക്‌സിന്‍ പരീക്ഷണങ്ങളുടെ ഫലമായി ലഭിക്കുമെന്നാണ് കരുതുന്നത്.

SHARE