ദുരിതാശ്വാസ ക്യാമ്പുകള്‍ പൂട്ടുന്നു; എവിടേക്ക് പോവുമെന്നറിയാതെ പതിനായിരങ്ങള്‍ ആശങ്കയില്‍

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: ഓണാവധി കഴിഞ്ഞ് നാളെ സ്‌കൂളുകളും കോളജുകളും തുറക്കുമ്പോള്‍ ആശങ്കയിലാണ് പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍. എറണാകുളം ജില്ലയിലടക്കം പ്രളയം ബാധിച്ച പല സ്ഥലങ്ങളിലും സ്‌കൂളുകളോ കോളജുകളോ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പല ക്യാമ്പുകളും പൂട്ടികഴിഞ്ഞു. നിരവധി പേര്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ വീടുകള്‍ വാസയോഗ്യമല്ലാത്തതിനാല്‍ പതിനായിരത്തോളം പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ തന്നെ കഴിയുകയാണ്. ക്യാമ്പുകളില്‍ കൂടാതെ നിരവധി പേര്‍ ബന്ധുക്കളുടെ വീടുകളിലുമുണ്ട്. ഓണാവധി കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതിനാല്‍ തങ്ങളെ നിര്‍ബന്ധിച്ച് ക്യാമ്പുകളില്‍ നിന്ന് മടക്കി അയക്കുമോ എന്ന ആശങ്കയും ഇവര്‍ പങ്കുവെയ്ക്കുന്നു. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഓണാവധി കഴിഞ്ഞ് തുറക്കുന്നത് നീട്ടിവെക്കണമെന്ന് പറവൂര്‍ എംഎല്‍എ വി.ഡി സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധിച്ച് ഇവരെ തിരിച്ചയക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ധനസഹായത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നുമാണ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ വാക്കുകള്‍.
പൂര്‍ണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ടവരാണ് ഇനിയും തിരിച്ചുപോകാന്‍ കഴിയാതെ ക്യാമ്പില്‍ തുടരുന്നവരില്‍ ഭൂരിഭാഗവും. വീട് പുനര്‍ നിര്‍മിക്കേണ്ട സാഹചര്യത്തിലുള്ള ഇവര്‍ മടങ്ങിയെത്തിയാലും കയറികിടക്കാന്‍ സാഹചര്യമില്ലാത്തതാണ് ബുദ്ധിമുട്ടായിരിക്കുന്നത്. ഇവരുടെ വീട്ടുപകരണങ്ങളെല്ലാം പൂര്‍ണമായി നശിച്ചുപോയിരിക്കുകയാണ്. ഭിത്തികളില്‍ വിള്ളല്‍ വീണ് അപകടാവസ്ഥയിലായ വീട്ടില്‍ കിടക്കാന്‍ കഴിയാത്ത സാഹചര്യവും നിരവധിപേരെ വലക്കുന്നു. ഇത്തരം വീടുകള്‍ വാസ യോഗ്യമാവണമെങ്കില്‍ മാസങ്ങളോളം വേണ്ടിവരും. വരും ദിവസങ്ങളില്‍ സ്‌കൂളുകളിലും കോളജുകളിലും ക്ലാസ് ആരംഭിക്കുമ്പോള്‍ ക്യാമ്പുകളിലെ കുട്ടികള്‍ക്ക് പോകാന്‍ കഴിയുമോ എന്ന ആശങ്കയും ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കുണ്ട്.
എഴുനൂറിലേറെ ഔദ്യോഗിക ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന എറണാകുളത്ത് നിലവില്‍ 62 ക്യാമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 7529 കുടുംബങ്ങളില്‍ നിന്നുള്ള 27077 പേര്‍ക്ക് ഇനിയും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. ഇതില്‍ 4727 പേര്‍ കുട്ടികളാണ്. 10,789 പുരുഷന്‍മാരും 11,561 സ്ത്രീകളും ക്യാമ്പിലുണ്ട്. ഇന്നലെ മാത്രം 47196 പേരാണ് ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്. പ്രളയം ഏറെ ബാധിച്ച പറവൂരില്‍ നിന്ന് മാത്രം 36966 പേര്‍ ക്യാമ്പ് വിട്ടു. ആലുവ താലൂക്കില്‍ നിന്ന് 8140 പേരും കണയന്നൂര്‍ താലൂക്കില്‍ നിന്ന് 2090 പേരും ഇന്നലെ ക്യാമ്പില്‍ നിന്ന് മടങ്ങി. പറവൂരില്‍ 46 ക്യാമ്പുകളിലായി 6231 കുടുംബങ്ങളില്‍ നിന്നുള്ള 22251 പേര്‍ ഇപ്പോഴുമുണ്ട്. ആലുവയില്‍ 14 ക്യാമ്പുകളിലായി 1276 കുടുംബങ്ങളില്‍ നിന്നുള്ള 4760 പേരുണ്ട്. കണയന്നൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 22 കുടുംബങ്ങളില്‍ നിന്നുള്ള 66 പേരാണുള്ളത്. ജില്ലയിലെ ഏറ്റവും വലിയ ക്യാമ്പുകളിലൊന്നായ എറണാകുളം മഹാരാജാസ് കോളജിലെ ക്യാമ്പിന്റെ പ്രവര്‍ത്തനം ഇന്നലെ അവസാനിപ്പിച്ചു. വീടുകളിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന 25 ഓളം പേരെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റി. പുനരധിവാസത്തിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു എങ്കിലും കിട്ടിയാല്‍ മാത്രമെ ക്യാമ്പുകളില്‍ കഴിയുന്നവരുടെ മടക്കം വേഗത്തിലാകുകയുള്ളു.

SHARE