കാലിക്കറ്റില്‍ ബാച്ചിനു മുഴുവന്‍ മാര്‍ക്കുദാനം; വിവരമറിയാതെ വിദ്യാര്‍ഥികള്‍


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിമന്‍സ് സ്റ്റഡീസില്‍ കൂടുതല്‍ പേര്‍ക്ക് വഴി വിട്ട രീതിയില്‍ മാര്‍ക്ക് നല്‍കിയതായി രേഖകള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരുപാടു പേര്‍ക്കു മാര്‍ക്കുദാനം നടത്തിയതായാണ് രേഖകളുള്ളത്. മറ്റൊരു എസ്എഫ്‌ഐ നേതാവിനും മതിയായ ഹാജറില്ലാതെ ഇന്റെര്‍ണല്‍ മാര്‍ക്കുകള്‍ നല്‍കി.

ഇവരടക്കം 2007-2009 ബാച്ചിലെ 12 പേര്‍ക്കും ഇന്റേണല്‍ മാര്‍ക്കുകള്‍ ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ മാര്‍ക്കു കൂട്ടാന്‍ എല്ലാവരും അപേക്ഷ നല്‍കിയിരുന്നില്ല. അതിനാല്‍ പുതിയ മാര്‍ക്ക് ലിസ്റ്റിന്റെ കാര്യം അറിയാത്തവരും ഈ ബാച്ചിലുണ്ട്. തിരുത്തിയ മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റിയിട്ടുമില്ല. നാല് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമടക്കം ഏഴുപേര്‍ക്ക് മതിയായ ഹാജറുണ്ടായിരുന്നില്ല. പലര്‍ക്കും ഏഴു ശതമാനം വരെ ഹാജര്‍ കുറവായിരുന്നു.

നിലവില്‍ വിമന്‍സ് സ്റ്റഡീസില്‍ താത്കാലിക അധ്യാപികയും അഭിഭാഷകനുമായ മുന്‍ എസ്എഫ്‌ഐ നേതാവിന് ജെന്‍ഡര്‍ ഹെല്‍ത്ത് ആന്റ് സെക്ഷ്വാലിറ്റി എന്ന പേപ്പറിന് യഥാര്‍ത്ഥത്തില്‍ 20ല്‍ 9.35 മാര്‍ക്കാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരുടെ അപേക്ഷയെ തുടര്‍ന്ന് പുതുക്കിയ മാര്‍ക്ക്‌ലിസ്റ്റില്‍ 13.35 ആയി ഉയര്‍ന്നു.

നാലാം സെമസ്റ്ററില്‍ ഹാജരില്ലാത്തതിനാല്‍ ചട്ടപ്രകാരമുള്ള ഇളവ് പ്രയോജനപ്പെടുത്തി(കണ്ടോണേഷന്‍)യാണ് രണ്ട് എസ്എഫ്‌ഐ നേതാക്കളടക്കം പരീക്ഷയെഴുതിയത്. തിരുവനന്തപുരത്ത് സി-ഡിറ്റില്‍ ജോലി ചെയ്യുന്ന രണ്ടാമത്തെ വനിതാ നേതാവ് മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഈ രണ്ടുപേര്‍ക്കും ഹാജര്‍ കുറവായതിനാല്‍ കണ്ടോണേഷന്‍ അനുവദിക്കാന്‍ 2009 സെപ്തംബര്‍ 24ന് സര്‍വകലാശാല ഉത്തരവിട്ടിരുന്നു.

ഇങ്ങനെ ഇളവ് നേടുന്നവര്‍ക്ക് ഹാജര്‍ ഇനത്തില്‍ മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ല. 6.66 ശതമാനം മാര്‍ക്കായിരുന്നു ഇരുവര്‍ക്കും കുറവുണ്ടായിരുന്നത്. ഹാജര്‍ 75 ശതമാനത്തില്‍ കുറഞ്ഞാല്‍ ഇതിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്ക് നല്‍കാന്‍ പാടില്ല. ഓരോ പേപ്പറിനും 90 ശതമാനത്തില്‍ കൂടുതല്‍ ഹാജറുണ്ടെങ്കില്‍ മാത്രമാണ് നാലുമാര്‍ക്ക് നല്‍കാന്‍ സര്‍വകലാശാലാ ചട്ടം അനുവദിക്കുന്നത്.

നിലവില്‍ വിമന്‍ സ്റ്റഡീസ് വകുപ്പില്‍ താത്കാലിക അധ്യാപികയായ മുന്‍ എസ്എഫ്‌ഐ നേതാവിന് സ്ഥിര നിയമനത്തിനായി ഇന്‍ഡക്‌സ് മാര്‍ക്ക് ലക്ഷ്യമിട്ടാണ് 21 മാര്‍ക്ക് നല്‍കിയതെന്നാണ് ആക്ഷേപം.

SHARE