സാലറി ചലഞ്ചിന്റെ പേരില്‍ പിടിച്ചുപറി നടത്തുമ്പോള്‍ ഇടതു സംഘടനാ നേതാവിന് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കി സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി സാലറി ചലഞ്ച് നടത്തുന്ന സര്‍ക്കാര്‍ കോവിഡ് കാലത്ത് ഇടതുപക്ഷ സംഘടനാ നേതാവിന് നല്‍കിയത് അനധികൃത സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇടത് സര്‍വ്വീസ് സംഘടനയായ എംപ്ലോയീസ് യൂണിയന്റെ പ്രസിഡണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍ പദ്മജയ്ക്കാണ് റിട്ടയര്‍ ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പെന്‍ഷന്‍ ശമ്പളമുള്‍പ്പെടെ ആനുകൂല്യങ്ങളില്‍ വന്‍ വര്‍ദ്ധനവ് നടത്തിയത്.

അതിനുപരി റിട്ടയര്‍ ചെയ്യാന്‍ 20 ദിവസം ബാക്കിയുള്ള പദ്മജയ്ക്ക് ജോയിന്റ് രജിസ്ട്രാറായി സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മറ്റൊരു ജോയിന്റ് രജിസ്ട്രാറെ ശമ്പളത്തോട് കൂടെ 20 ദിവസം ലീവെടുപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ എം.എസ്.എഫ് ഉപരോധം സംഘടിപ്പിച്ചു. അനധികൃത ആനുകൂല്യങ്ങളും സ്ഥാനക്കയറ്റം പിന്‍വലിക്കുക,കഴിഞ്ഞ വര്‍ഷത്തെ കലോത്സവങ്ങളൊന്നും നടക്കാത്ത സാഹചര്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ കൈവശമുള്ള ഫണ്ടായ 75 ലക്ഷം രൂപ അടുത്തവര്‍ഷത്തേക്ക് വിദ്യാര്‍ത്ഥി ക്ഷേമത്തിനായി ഉപയോഗിക്കുക, കോവിഡ് കാലത്തും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കീഴിലുള്ള എഞ്ചിനീയര്‍ കോളേജുകളിലെ അമിത ഫീസ് വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.

ഉപരോധത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍,ട്രഷറര്‍ സി.കെ നജാഫ്,സീനിയര്‍ വൈസ്പ്രസിഡന്റ് എം.പി അബ്ദുള്‍ സമദ് എന്നിവര്‍ പങ്കെടുത്തു. എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ദീന്‍ പിലാക്കല്‍,കെ.എം ഫവാസ്,അഷ്‌റഫ് പെരുമുക്ക്,ഫാരിസ് പീക്കോട്ടൂര്‍,കബീര്‍,നബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

SHARE