പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ട സംഭവം: കുഞ്ഞിന്റെ പിതൃസഹോദരഭാര്യ അറസ്റ്റില്‍

താമരശ്ശേരി: തൊട്ടിലില്‍ ഉറക്കിക്കിടത്തിയ പെണ്‍കുഞ്ഞിനെ വീടിന് പിറകുവശത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ പിതൃസഹോദരഭാര്യ അറസ്റ്റില്‍. താമരശ്ശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടേയും ഷമീനയുടേയും ഏഴുമാസം പ്രായമുള്ള മകള്‍ ഫാത്തിമ മരിച്ച സംഭവത്തില്‍ മുഹമ്മദലിയുടെ ജ്യേഷ്ഠന്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ജസീലയാണ് അറസ്റ്റിലായത്.

ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടതാണെന്ന് ജസീല പൊലീസിനോട് സമ്മതിച്ചു. മാതാവ് ഷമീന കുഞ്ഞിനെ ഉറക്കിക്കിടത്തി കുളിക്കാന്‍ പോയ സമയത്ത് ജസീല കുഞ്ഞിനെയെടുത്ത് കിണറ്റിലിടുകയായിരുന്നു. ഷമീനയോടുള്ള വ്യക്തിവൈരാഗ്യമാണ് ഷമീനയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് താമരശ്ശേരി ഡി.വൈ.എസ്.പി ബിജുരാജ് പറഞ്ഞു.

സംഭവദിവസം രാവിലെ ഷമീന ഈങ്ങാപ്പുഴയിലെ ബന്ധുവീട്ടില്‍ കുഞ്ഞുമായി പൊകാനുള്ള ഒരുക്കത്തിലായിരുന്നു. ഷമീന പോയാല്‍ വീട്ടിലെ ജോലികള്‍ താന്‍ ഒറ്റക്ക് ചെയ്യേണ്ടിവരുമെന്ന തോന്നലാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ പെട്ടന്നുള്ള കാരണമായത്.

SHARE