കോഴിക്കോട് മീന്‍ വിവരപ്പട്ടിക പുറത്തുവിട്ട് ജില്ലാ കലക്ടര്‍

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജില്ലയില്‍ മീന്‍വില്‍പ്പനയില്‍ ചൂഷണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മീന്‍ വിവരപ്പട്ടിക പുറത്തുവിട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍. അയല, മത്തി തുടങ്ങി അയക്കൂറ വരെയുള്ള മീനുകളുടെ ചില്ലറവില കണക്കാക്കിയ വിവരപ്പട്ടികയാണ് കലക്ടര്‍ സംബ ശിവ റാവു പുറത്തവിട്ടത്.

അതേസമയം, നിലവില്‍ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മത്സ്യബന്ധനത്തില്‍ വന്ന നിയന്ത്രണത്തില്‍ ഏപ്രില്‍ നാലുമുതല്‍ മാറ്റംവന്നതായും കലക്ടര് അറിയിച്ചു.

ഇതുസംബന്ധിച്ച കോഴിക്കോട് ജില്ലാ കലക്ടറുടെ കുറിപ്പ് വായിക്കാം….

ലാക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രിത മത്സ്യബന്ധനം മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.ട്രോളിംഗ് ബോട്ടുകള്‍ നിയന്ത്രിക്കുകയും പരമ്പരാഗത മത്സ്യബന്ധയാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ ഏപ്രില്‍ നാലുമുതല്‍ മത്സ്യബന്ധനത്തിന് അനുവദിക്കുകയുമാണ് ചെയ്തിട്ടുള്ളത് .

ഭക്ഷ്യസുരക്ഷയും മത്സ്യതൊഴിലാളികളുടെ തൊഴിലും ക്ഷേമവും ഉറപ്പാക്കുന്നതിനുമായി നമ്മുടെ ജില്ലയില്‍ താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  1. ചെറുകിട മല്‍സ്യബന്ധന ബോട്ടുകള്‍ സാധാരണഗതിയില്‍ ജില്ലയിലെ കൊയിലാണ്ടി ബീച്ച് , തിക്കോടി, കൈനാട്ടി, പള്ളിത്താഴം, ബേപ്പൂര്‍, ചാലിയം, പുതിയാപ്പ എന്നീ ഫിഷ് ലാന്റിംഗ് സെന്ററുകളില്‍ മല്‍സ്യം എത്തിച്ചാണ് വിപണനം നടത്താറ്. എന്നാല്‍ ഇതു വന്‍ ജനത്തിരക്കിന് കാരണമാവുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ 05.04.2020 (നാളെ ) മുതല്‍ എല്ലാ ചെറുകിട/പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെയും ബേപ്പുര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല്‍ എന്നീ ഫിഷിംഗ് ഹാര്‍ബറുകളില്‍ മാത്രമേ എത്താനും ലാന്റ് ചെയ്യാനും അനുവദിക്കുകയുള്ളു.
  2. മറ്റ് ഫിഷ് ലാന്റിംഗ് സെന്ററുകളായ കൊയിലാണ്ടി ബീച്ച്, തിക്കോടി, കൈനാട്ടി, പള്ളിതാഴം, ബേപ്പുര്‍, ചാലിയം, പുതിയാപ്പ എന്നിവിടങ്ങളില്‍ നാളെ മുതല്‍ ഫിഷ് ലാന്റിംഗ് ഒരു കാരണവശാലും അനുവദിക്കില്ല. ഇക്കാര്യും ഉറപ്പുവരുത്താന്‍ ആവശ്യമായ പോലീസ് സംഘത്തെ ജില്ലാ പോലീസ് മേധാവികള്‍ നിയോഗിക്കും.
  3. ഫിഷിംഗ് ഹാര്‍ബറുകളില്‍ ബോട്ടുകളില്‍ നിന്ന് നേരിട്ട് ചെറുകിട കച്ചവടക്കാര്‍ക്കായിരിക്കും മത്സ്യം നല്‍ക്കുക. ടോക്കണ്‍ വ്യവസ്ഥയിലാണ് ഹാര്‍ബറിലേയ്ക്കുള്ള പ്രവേശനം അനുവദിക്കുക. മത്സ്യത്തിന്റെ വില ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് ഡെപ്യൂട്ടീ ഡയറക്ടര്‍ ഓഫ് ഫിഷറീസ് തിരുമാനിക്കുന്ന നിരക്കിലായിരിക്കും. ഇങ്ങനെ മത്സ്യം വാങ്ങുന്ന കച്ചവടക്കാര്‍, അവ ചില്ലറ മാര്‍ക്കറ്റില്‍ ലഭ്യമാക്കുകയും ഇതുവഴി പൊതുജനങ്ങള്‍ക്ക് മത്സ്യ ലഭ്യത ഉറപ്പുവരുത്തുകയും വേണം.
  4. മത്സ്യബന്ധനത്തിന് പുറപ്പെടുന്ന പരമ്പരാഗത മത്സ്യതൊഴിലാളികള്‍ അവരുടെ യാനങ്ങളുടെ വിവരം ബേപ്പൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിര്‍ബന്ധമായും അറിയിക്കേണ്ടതാണ്. ഇതനുസരിച്ചുളള മുന്‍ഗണനാ ടോക്കണ്‍ ബന്ധപ്പെട്ട ഹാര്‍ബറുകളില്‍ ലഭിക്കും.
    കണ്‍ട്രോള്‍റൂം നമ്പര്‍: 0495-2414074
  5. മത്സ്യഫെഡിന്റെ ജില്ലയിലെ ഔട്ട് ലെറ്റുകള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
  6. ജില്ലയില്‍ ഒരിടത്തും മത്സ്യ ലേലം അനുവദിക്കുന്നതല്ല. ഇക്കാര്യം കര്‍ശനമായും പോലീസ് ഉറപ്പുവരുത്തും.
  7. അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്താനുളള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഓഫീസര്‍മാരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും കൈക്കൊള്ളേണ്ടതാണ്.
  8. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി താലൂക്കടിസ്ഥാനത്തില്‍ നിയോഗിച്ച നോഡല്‍ ഓഫീസര്‍മാര്‍ക്കായിക്കും മേല്‍ പറഞ്ഞ നടപടികളുടെ ഏകോപന ചുമതല.

ജില്ലയിലെ മത്സ്യബന്ധന ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നതായി, ശാരീരിക അകലം പോലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ല എന്നുമുള്ള നിരവധി പരാതികളാണ് ലഭിക്കുന്നത്

ഫിഷ് ലാന്റിംഗ് സെന്ററുകളിലും ഹാര്‍ബറുകളിലും മത്സ്യ-മാംസങ്ങള്‍ വാങ്ങാനെത്തുന്നവരുടെ അനിയന്ത്രിത തിരക്ക് ഒഴിവാക്കണം. മുന്‍കരുതല്‍ നടപടികളും ശാരീരിക അകലവും കര്‍ശനമായി പാലിക്കണം.