മുംബൈ ഭീകരാക്രമണത്തില്‍ രക്ഷകനായ സീസര്‍ വിടവാങ്ങി

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ച പൊലീസ് നായ സീസര്‍ വിടവാങ്ങി. എട്ടുവര്‍ഷത്തോളം മുംബൈ പൊലീസിന്റെ ഭാഗമായിരുന്ന സീസര്‍ വിറാറിലെ ഫാമില്‍ ഇന്നു പുലര്‍ച്ചെയോടെയാണ് ചത്തത്. മുംബൈ ആക്രമണ സമയത്തെ സേവനത്തില്‍ സീസര്‍ക്കൊപ്പമുണ്ടായിരുന്ന ടൈഗര്‍, സുല്‍ത്താന്‍, മാക്‌സ് എന്നീ നായകള്‍ നേരത്തെ ചത്തിരുന്നു. വിലമതിക്കാനാവാത്ത സേവനത്തിന്റെ പേരില്‍ സീസര്‍ ഓര്‍മിക്കപ്പെടുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ ദത്ത പട്‌സാല്‍ഗിക്കര്‍ പറഞ്ഞു. മുംബൈ പൊലീസിന്റെ ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍ സ്‌ക്വാഡിന്റെ ഭാഗമായിരുന്നു സീസര്‍. 2008 നവംബര്‍ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് തിരക്കേറിയ സിഎസ്ടി റെയില്‍വെ സ്‌റ്റേഷനില്‍ നടത്തിയ തെരച്ചിലില്‍ ഗ്രനേഡുകള്‍ കണ്ടെത്തിയത് സീസറായിരുന്നു. നരിമാന്‍ ഹൗസില്‍ നടന്ന തിരച്ചിലിലും സീസര്‍ പങ്കെടുത്തിരുന്നു. കൂടാതെ 2006ലും 2011ലും മുംബൈയില്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ അന്വേഷണങ്ങളിലും സീസര്‍ പൊലീസിന് വലിയ സഹായിയായിരുന്നു.

master

 

SHARE