ന്യൂഡല്‍ഹി: മിക്ക മന്ത്രിമാരുടെയും പ്രകടനം ശരാശരിയിലും താഴെയായ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി. ധന, റെയില്‍വേ വകുപ്പുകളില്‍ വിദഗ്ദ്ധരെ കൊണ്ടുവരാനാണ് നീക്കം. കൂടാതെ, കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മന്ത്രിസഭയില്‍ ഇടമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ദേശീയ മാദ്ധ്യമമായ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പുനഃസംഘടനയുടെ ഭാഗമായി ആര്.എസ്.എസ് നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ആര്.എസ്.എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാല്‍, ബി.ജെ.പി പ്രസിഡണ്ട് ജെ.പി നദ്ദ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മോദിയെ കൂടാതെ മറ്റു മന്ത്രിമാര്‍ യോഗത്തില്‍ ഉണ്ടായിരുന്നില്ല.
ഓഗസ്റ്റ് ആദ്യവാരത്തില്‍ പുനഃസംഘടന ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിദേശകാര്യ വകുപ്പിന്റെ ചുമതല മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനെ ഏല്പിച്ചതു പോലെ ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ കൊണ്ടുവരും. നിര്‍മല സീതാരാമനാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത്. ശരാശരിക്കും താഴെയാണ് നിര്‍മലയുടെ പ്രകടനം. പിയൂഷ് ഗോയലാണ് റെയില്‍വേ മന്ത്രി. ഭരണമികവില്ലാത്ത മന്ത്രിമാരെ ഒഴിവാക്കി പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിക്കാന്‍ ധാരണയുണ്ട്.

മന്ത്രിമാരുടെ പ്രവര്‍ത്തനം പാര്‍ട്ടിയും പ്രധാനമന്ത്രിയും പരിശോധിക്കുന്നുണ്ട്. പദ്ധതികളുടെ നിര്‍വഹണം, വകുപ്പില്‍ പുതുതായി ആവിഷ്കരിച്ച പദ്ധതികള്‍ എന്നിവ വിലയിരുത്തപ്പെടും. ഇതുപ്രകാരമായിരിക്കും മന്ത്രിമാരുടെ സ്ഥാനചലനം.
ജ്യോതിരാദിത്യ സിന്ധ്യ കൂടാതെ ടി.എം.സി.യില്നിന്ന് എത്തിയ മുകുള്‍ റോയിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. അസമിലെ മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ബി.ജ.പി.യുടെ മുഖവുമായ ഹിമന്ത് ബിശ്വാസ് ശര്‍മയും പരിഗണനയിലുണ്ട്. എന്‍.ഡി.എ വിട്ട ശിവസേന കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിലും പുതിയ മന്ത്രിമാര്‍ വരും.
ഈ വര്‍ഷം നടക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകള്‍ എന്നിവ കൂടി പരിഗണിച്ചാകും പുനഃസംഘടനയുണ്ടാകുക. ഇവിടെ നിന്നുള്ള നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിക്കും.
ജനുവരി 20-ന് ജെ.പി. നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിശ്ചയിച്ചിരുന്നില്ല. മന്ത്രിസഭയിലെ അഴിച്ചുപണിയോടൊപ്പം ബി.ജെ.പിയുടെ പ്രധാനപ്പെട്ട ഭാരവാഹിത്വങ്ങളിലും മാറ്റങ്ങളുണ്ടാകും.