കേരളത്തിലും പ്രതിഷേധം ആളിക്കത്തുന്നു; കോഴിക്കോട്ട് രാത്രിയില്‍ വന്‍ പ്രതിഷേധം


കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കേരളത്തിലും. ഡല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ആക്രമിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ദൂരദര്‍ശന്‍ കേന്ദ്രവും ഉപരോധിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലും നാളെ കരിദിനം ആചരിക്കാന്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചിട്ടുമുണ്ട്. സംസ്ഥാനത്തും നാളെ പ്രതിഷേധം കനത്തു വരുന്നതിന്റെ സൂചനകളാണ് പലയിടത്തും ഇന്നു രാത്ര ഉണ്ടായ പ്രതിഷേധങ്ങള്‍. ഡി.വൈ.എഫ്.ഐ കോഴിക്കോട്ടും എറണാകുളത്തും പ്രതിഷേധം നടത്തി.

ജാമിയ മില്ലിയ , അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി തുടങ്ങിയ കോളേജുകളില്‍ ക്രൂരമായ പോലീസ് അതിക്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

വിദ്യാര്‍ത്ഥിനികളെ പോലും ഭീകരമായ രീതിയിലാണ് പോലീസ് മര്‍ദിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടകളും ഡല്‍ഹി പോലീസുമാണ് ഹോസ്റ്റലുകളില്‍ പോലും അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു കൊണ്ടിരിക്കുരിക്കുകയാണ്. അതേസമയം ജാമിയ മിലിയ ഇസ്ലാമിയില്‍ നടന്ന പൊലീസ് ആക്രമണത്തിനെതിരെ ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ വന്‍പ്രതിഷേധം നടക്കുകയാണ്. പൗരത്വഭേദഗതിയില്‍ ജാമിയ മില്ലിയയില്‍ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധത്തിനായി ഒത്തുകൂടിയത്.

SHARE