എത്ര എതിര്‍ത്താലും പൗരത്വ നിയമം നടപ്പിലാക്കും; അമിത് ഷാ

പ്രതിഷേധങ്ങള്‍ എത്ര ഉണ്ടായാലും അത് പ്രതിഷേധമായി മാത്രം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയിലും പുറത്തും പ്രതിഷേധങ്ങള്‍ ആളികത്തുന്നതിനെതിരെയാണ് അമിത് ഷായുടെ പ്രതികരണം.

‘പ്രതിപക്ഷം എത്ര എതിര്‍ത്താലും പൗരത്വ നിയമം ഞങ്ങള്‍ നടപ്പിലാക്കും’ അമിത് ഷാ പറഞ്ഞു. ഡല്‍ഹിയിലെ ഭാരത് വന്ദന പാര്‍ക്കിന്റെ ശിലാസ്ഥാപന വേളയിലാണ് മന്ത്രിയുടെ പ്രതികരണം. പൗരത്വ നിയമത്തിനെതിരെ കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരില്‍ നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങിയതിനെക്കുറിച്ചായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.

അതിനിടെ പൗരത്വബില്ലിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം ശക്തമാവുന്നു. ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരും പൊലീസും ഏറ്റുമുട്ടി. വലിയൊരു വിഭാഗം പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതിഷേധക്കാര്‍ പൊലീസ് സ്‌റ്റേഷന് തീവെക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് ഫഌഗ് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ തടഞ്ഞതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരും സമരക്കാരും തമ്മില്‍ സീലാംപൂര്‍ ചൌക്കില്‍ ഏറ്റുമുട്ടലുണ്ടായത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹി പൊലീസ് ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഞായറാഴ്ച ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയുടെ പേരില്‍ ഡല്‍ഹി പൊലീസ് കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് സംഭവം.

SHARE