ജാമിഅ മില്ലിയ്യയില്‍ നരനായാട്ട്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ പ്രതിഷേധം കത്തുന്നു. സ്ഥലത്ത് നിലവില്‍ രൂക്ഷമായ സംഘര്‍ഷാവസ്ഥയുണ്ട്. സര്‍വകലാശാലക്ക് അകത്തേക്ക് കടന്ന പൊലീസ് ഗേറ്റ് അടച്ചുപൂട്ടി. പ്രതിഷേധത്തിനിടെ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി.

പ്രതിഷേധക്കാര്‍ ദില്ലിയിലെ നാല് ബസ്സുകളടക്കം പത്തോളം വാഹനങ്ങള്‍ കത്തിച്ചിരുന്നു. ഇതിന് പുറമെ ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു, ലാത്തിച്ചാര്‍ജ് നടത്തി. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബസുകള്‍ കത്തിച്ചതിന് പുറമെ ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു. രണ്ട്
അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം.

വൈകിട്ടോടെയാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിനിടെ അക്രമമുണ്ടായത്. സുഖ്‌ദേബ് ബിഹാര്‍, ഫ്രണ്ട്‌സ് കോളനി പരിസരങ്ങളില്‍ വന്‍ അക്രമം അരങ്ങേറി. പൊലീസ് ക്യാമ്പസിനകത്തേക്ക് തുടര്‍ച്ചയായി കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. എല്ലാ ഗേറ്റുകളും പൊലീസ് അടച്ചു. ഫയര്‍ഫോഴ്‌സിന്റേതടക്കമുള്ള വാഹനങ്ങള്‍ കത്തിച്ചു.

പൊലീസിന് നേരെ കല്ലേറുണ്ടായി എന്നാണ് ആരോപിക്കപ്പെടുന്നത്. തിരികെ പൊലീസ് ക്യാമ്പസിനകത്തേക്ക് വെടി വച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇത് തെളിയിക്കാനുള്ള ചില ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ പുറത്തുവിടുന്നു. നിരവധി വിദ്യാര്‍ഥകള്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

SHARE