മതസൗഹാര്‍ദം എന്തെന്ന് പഠിക്കാന്‍ ഇങ്ങോട്ടു വരൂ; അമിത് ഷായോട് ബംഗ്ലാദേശ് വിദേശ കാര്യമന്ത്രി

ധാക്ക: ഇന്ത്യ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ബില്ലിനെ എതിര്‍ത്ത് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. അബ്ദുല്‍ മുഅ്മിന്‍. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിമല്ലാത്ത എല്ലാവര്‍ക്കും പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിന്റെ പശ്ചാതലത്തിലാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.

ലോകത്ത് മത സൗഹാര്‍ദം നല്ല രീതിയില്‍ നിലനില്‍ക്കുന്ന വളരെ ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ബംഗ്ലാദേശ് എന്ന് അബ്ദുല്‍ മുഅ്മിന്‍ പറഞ്ഞു. അതില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത്ഷാക്ക് വല്ല സംശയവുമുണ്ടെങ്കില്‍ ബംഗ്ലാദേശില്‍ കുറച്ച് കാലം വന്നു താമസിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അതിലൂടെ തങ്ങളുടെ രാജ്യത്തെ മതപരമായ ഐക്യം കാണാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. അവിടത്തെ ജനത അവര്‍ക്കു വേണ്ടി തന്നെ പൊരുതേണ്ട അവസ്ഥയാണ്. ബംഗ്ലാദേശുമായി നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷത്തിന് വിലങ്ങു തടിയാവുന്ന ഒന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.