പൗരത്വബില്‍; രാജ്യ സഭയില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ നീക്കം ഇങ്ങനെ…

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യ സഭയില്‍ അവതരിപ്പിക്കും. ഉച്ചയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കും. അതേസമയം, രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ സംയുക്ത പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ബംഗ്ലാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി മതവിശ്വാസികള്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുകയും മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുകയും ചെയ്യുന്ന ബില്ല് ലോക്‌സഭ കടന്നതോടെ രാജ്യസഭയും കടക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഏഴുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ലോക്‌സഭയില്‍ ബില്ല് പാസായത്. ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.

ദേശീയ പൗരത്വ ബില്‍ ഭേദഗതി ഇന്ന് രാജ്യസഭയിലെത്തുമ്പോള്‍ ഭൂരിപക്ഷമില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായേക്കാവുന്ന അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചെറിയ പാര്‍ട്ടികളുടെ പിന്തുണ കൂടി ബി.ജെ.പിക്കു വന്നാല്‍ ബില്ല് രാജ്യസഭയും കടന്ന് നിയമമാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതേ സമയം ചെറു പാര്‍ട്ടികളെ ബില്ലിന് അനുകൂലമായ നിലപാട് എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് വലിയ തോതിലുള്ള ശ്രമം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവസേനയുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിക്കുന്നുണ്ട്.

241 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ഇതില്‍ 121 പേരുടെ പിന്തുണ ഉറപ്പാക്കിയാല്‍ പൗരത്വ ഭേദഗതി ബില്‍ രാഷ്ട്രപതി ഭവനിലേക്ക് അയക്കാം.

എന്‍.ഡി.എക്കു മാത്രം 102 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്.
അവ തരം തിരിച്ചാല്‍:
ബി.ജെ.പി 81
ജെ.ഡി.യു06
അകാലിദള്‍03
മറ്റു ചെറുപാര്‍ട്ടികള്‍12 (ആകെ 102)

എന്നാല്‍ ബില്ലിനെ എതിര്‍ക്കുന്ന യു.പി.എക്ക് രാജ്യസഭയില്‍ ആകെയുള്ളത് 63 അംഗങ്ങള്‍.
അവ തരം തിരിച്ചാല്‍:
കോണ്‍ഗ്രസ്46
ആര്‍.ജെ.ഡി04
എന്‍.സി.പി04
ഡി.എം.കെ05
ജെ.ഡി.എസ്01
മറ്റുള്ളവര്‍03 (ആകെ 63)

ഇനി ഇത് രണ്ടിലും പെടാത്ത ബില്ലിനെ എതിര്‍ക്കുന്ന മറ്റുള്ളവര്‍:
തൃണമൂല്‍13
എസ്.പി09
ഇടതു പാര്‍ട്ടികള്‍06
ബി.എസ്.പി04
എ.എ.പി03
പി.ഡി.പി02 (ആകെ 39 പേര്‍ യു.പി.എയെ അനുകൂലിക്കുന്നവര്‍)

ഇനി ബില്ലിനെ അനുകൂലിക്കുന്ന മറ്റു പാര്‍ട്ടികള്‍:
അണ്ണാ ഡി.എം.കെ11
ബി.ജെ.ഡി07
വൈ.എസ്.ആര്‍02
ടി.ഡി.പി02
മറ്റുള്ളവര്‍05 (ആകെ 27 പേര്‍ എന്‍.ഡി.എയെ അനുകൂലിക്കുന്നവര്‍)

അതേ സമയം ശിവസേനയുടെ രാജ്യസഭയിലെ നിലപാടിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മൂന്ന് അംഗങ്ങളാണ് അവര്‍ക്ക് രാജ്യസഭയിലുള്ളത്.

ഇനി മൊത്തം കണക്ക് നോക്കിയാല്‍ ബില്ല് രാജ്യസഭയില്‍ പാസാവാന്‍ വേണ്ടത് 121 പേരുടെ പിന്തുണ. എന്‍.ഡി.എ സര്‍ക്കാറിന് 129 പേരുടെ പിന്തുണയാണ് നിലവിലെ കണക്കു പ്രകാരം ഉണ്ടാവുക. അതേസമയം സര്‍ക്കാരിനെതിരെ,അഥവാ യു.പി.എ സര്‍ക്കാരിനെ 102 പേരും പിന്തുണക്കും.

ബില്‍ രാജ്യസഭയിലെത്തുമ്പോള്‍ കണക്കില്‍ ബി.ജെ.പി മുന്നിലാണ്. എന്നാല്‍ നാളെ രാജ്യസഭയിലെത്തുന്ന സമയം കൊണ്ട് എത്ര പേരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെ വിജയം. ഇനി രാജ്യസഭയില്‍ പാസായാലും സുപ്രീംകോടതിയിലെത്തിയാല്‍ ഇത് തള്ളിപ്പോവും എന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

SHARE