പൗരത്വ ഭേദഗതി നിയമം; പ്രതിഷേധിച്ച് രവി ശര്‍മക്കു പിറകെ നടന്‍ ജതിന്‍ ബോറയും ബിജെപി വിട്ടു

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് നടന്‍ രവി ശര്‍മക്കു പിറകെ നടന്‍ ജതിന്‍ ബോറയും ബിജെപി വിട്ടു. ജതിന്‍ ബോറ ഇന്നലെ (വ്യാഴാഴ്ച) ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു. അസം സ്‌റ്റേറ്റ് ഫിലിം ഫിനാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്നും അദ്ദേഹം രാജിവെച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഞാന്‍ പൗരത്വ നിയമ ഭേദഗതി സ്വീകരിക്കുന്നില്ല. ജതിന്‍ ബോറ എന്ന എന്റെ വ്യക്തിത്വം അസമിലെ ജനങ്ങള്‍ കാരണമാണ്, ഈ വിഷയത്തില്‍ ഞാന്‍ അവരോടൊപ്പമുണ്ട്. ഗുവാഹത്തിയിലെ ലതാസില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ പൗരന്മാരാണ് രാജാക്കന്മാര്‍. പ്രതിഷേധം ഉയര്‍ന്നതിനാല്‍ സര്‍ക്കാര്‍ ബില്‍ പിന്‍വലിക്കുമെന്ന് ഞാന്‍ കരുതി, പകരം അത് പാസാക്കി. ഞാന്‍ പാര്‍ട്ടിയിലെ ഒരു അംഗം മാത്രമായിരുന്നു, ബിജെപി പറയുന്നതെല്ലാം ഞാന്‍ പിന്തുണക്കുന്നില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഞാന്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്ന് മറ്റൊരു അസമി നടന്‍ രവി ശര്‍മയും രാജിവച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്ര നിര്‍മ്മാതാവ് ജഹ്നു ബറുവയും എട്ടാമത്തെ അസം സ്‌റ്റേറ്റ് ഫിലിം അവാര്‍ഡുകളില്‍ നിന്നും ഈ വര്‍ഷത്തെ ചലച്ചിത്രമേളയില്‍ നിന്നും തന്റെ സിനിമ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ സേലത്ത് നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ നിയമം കീറിയെറിഞ്ഞുകൊണ്ട് പ്രതിഷേധിച്ച ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സെയ്താപേട്ടില്‍ ഡി.എം.കെ യുവനേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം നടന്നത്. ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കുമെതിരാണ് നിയമമെന്ന് ആരോപിച്ചാണ് ഡി.എം.കെയുടെ പ്രതിഷേധം.

SHARE