പാവക്കുളം ക്ഷേത്രത്തില്‍ യുവതിക്കെതിരായ അതിക്രമം; സംഘാടകര്‍ക്കെതിരെയും കേസെടുക്കും

കൊച്ചി: കലൂര്‍ പാവക്കുളം ശിവക്ഷേത്രം ഹാളില്‍ നടന്ന പൗരത്വ ഭേദഗതി നിയമ അനുകൂല പരിപാടിക്കിടെ എതിര്‍പ്പ് അറിയിച്ച യുവതിയെ കയ്യേറ്റം ചെയ്യുകയും കൊലവിളി നടത്തുകയും ചെയ്ത സംഭവത്തില്‍ സംഘാടകര്‍ക്കെതിരെയും പൊലീസ് കേസെടുത്തേക്കും. അതിക്രമങ്ങള്‍ക്ക് ഇരയായ യുവതിക്കെതിരെ കേസെടുത്തത് വിവാദമായതിന് പിന്നാലെയാണ് യുവതിയുടെ മൊഴി പ്രകാരം സംഘാടകര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസ് ആലോചിക്കുന്നത്. വൈകിട്ടോടെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വി.എച്ച്.പിയുടെ സംസ്ഥാന കാര്യാലയത്തോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെ പൗരത്വ നിയമത്തെയും കേന്ദ്രസര്‍ക്കാരിനെയും അനുകൂലിച്ച് നടത്തിയ പ്രസംഗത്തെ യുവതി എതിര്‍ത്തതാണ് വിഎച്ച്പി, ആര്‍എസ്എസ് വര്‍ഗീയവാദികളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഒരു സംഘം സ്ത്രീകള്‍ കൊലവിളിയുമായി യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും വേണമെങ്കില്‍ നിന്നെയും കൊല്ലാന്‍ മടിക്കില്ലെന്നും ഒരു സ്ത്രീ പറയുന്നുണ്ട്. ഞാനും ഒരു ഹിന്ദുമത വിശ്വാസിയാണെന്ന് പറഞ്ഞപ്പോള്‍ നീയൊക്കെ ഹിന്ദുവാണോ എന്നാക്രോശിച്ച് മറ്റൊരു സ്ത്രീ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചിലര്‍ സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. നെറ്റിയില്‍ സിന്ദൂരം തൊടുന്നത് മക്കളെ പ്രത്യേക മതസ്ഥരില്‍നിന്ന് രക്ഷപ്പെടുത്താനാണെന്ന് തികഞ്ഞ വര്‍ഗീയ പരാമര്‍ശങ്ങളാണ് ഒരു സ്ത്രീയുടെ സംസാരത്തില്‍ ഉണ്ടായത്. സംഭവത്തിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. അസഭ്യ വര്‍ഷത്തിനൊപ്പം ശാരീരികമായും സംഘം ഇവരെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എന്നാല്‍ അതിക്രമം നേരിട്ട യുവതിക്കെതിരെ കേസെടുക്കുന്ന നിലപാടാണ് പൊലീസില്‍ നിന്നുണ്ടായത്. പൊലീസിന്റെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ക്ഷേത്ര പരിസരത്ത് നടന്ന ക്ലാസ് അലങ്കോലപ്പെടുത്തുകയും മൈക്ക് ഓഫ് ചെയ്യുകയും ചെയ്തുവെന്ന് കാണിച്ച് സജിനി എന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. യുവതിയെ അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം ശരിയല്ലെന്നും അന്വേഷണം നടക്കുകയാണെന്നും നോര്‍ത്ത് പൊലീസ് പറയുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വനിത പൊലീസ് ആണ് അന്വേഷിക്കുന്നത്. പരാതിയില്‍ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

SHARE