ഭക്ഷണത്തിന് പോയ വേളയില്‍ കട പൂട്ടി സീല്‍ വച്ചു; പൗരത്വ പ്രതിഷേധ സമരക്കാര്‍ക്കു നേരെ യോഗി സര്‍ക്കാറിന്റെ പ്രതികാരം

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രതികാര നടപടിയുമായി യോഗി സര്‍ക്കാര്‍. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കിയതിനു പിന്നാലെ, സമരക്കാരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചു.

പൊതുസ്വത്ത് നശിപ്പിച്ചു എന്ന് ആരോപിച്ചാണ് സ്വത്ത് പിടിച്ചെടുക്കല്‍ നടക്കുന്നത്. ഇതുപ്രകാരം ലഖ്‌നൗ ഭരണകൂടം ചൊവ്വാഴ്ച രണ്ടു കടകള്‍ക്ക് സീല്‍ വച്ചു. മെഹനൂര്‍ ചൗധരി, ധരംവീര്‍ സിങ് എന്നിവരുടെ കടകളാണ് സീല്‍ ചെയ്തത്.

ഉച്ചഭക്ഷണത്തിനു പോയി തിരിച്ചു വന്നപ്പോള്‍ കാണുന്നത് കട സീല്‍ ചെയ്തതാണ് എന്ന് ചൗധരി പറഞ്ഞു. തന്റെ ജീവിതോപാധിക്കു മേലാണ് പൊലീസ് സീല്‍ പതിപ്പിച്ചതെന്ന് നഗരത്തില്‍ സ്‌ക്രാപ്പ് സ്റ്റോര്‍ നടത്തുന്ന ചൗധരി കൂട്ടിച്ചേര്‍ത്തു. ധരംവീര്‍സിങിന്റെ തുണിക്കടയാണ് പൊലീസ് അടപ്പിച്ചത്.

ഹസന്‍ഗഞ്ച് കലാപവുമായി ബന്ധപ്പെട്ട് ഇവര്‍ അടക്കം 57 പേര്‍ക്കാണ് ലഖ്‌നൗ പൊലീസ് നോട്ടീസ് അയച്ചിട്ടുള്ളത്. അക്രമത്തില്‍ 1.56 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇവരുടെ പേരു വിവരങ്ങള്‍ പരസ്യമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസയച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുഹമ്മദ് ഷുഹൈബ്, റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ദാരാപുരി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. നോട്ടീസില്‍ പത്തു ദിവസത്തിനകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാര്‍ കണ്ടുകെട്ടല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ദാരാപുരി ആവശ്യപ്പെട്ടു.

SHARE