അധികാരത്തിലെത്തിയാല്‍ പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍; എസ്.പി നേതാവ്

ലഖ്‌നൗ: അധികാരത്തില്‍ തിരികെയെത്തിയാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്. ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരിയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങളുടെ പാര്‍ട്ടി കേന്ദ്രത്തിലും ഉത്തര്‍ പ്രദേശിലും അധികാരത്തിലെത്തുകയാണെങ്കില്‍, പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്‍കും. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ പോരാടിയതിനാണ് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും ജയിലിലായവവര്‍ക്കും ധനസഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി.രംഗത്തെത്തി. കലാപകാരികളെയും സാമൂഹികവിരുദ്ധരെയും ആദരിക്കുന്നത് ആ പാര്‍ട്ടിയുടെ(സമാജ്‌വാദി പാര്‍ട്ടി)യുടെ ഡി.എന്‍.എയിലുള്ളതാണെന്ന് ബി.ജെ.പി. പ്രതികരിച്ചു.

പാകിസ്താനില്‍ ഹിന്ദുക്കള്‍ നേരിടുന്ന പീഡനത്തെ കുറിച്ച് മനസ്സിലാക്കാന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഒരുമാസം പാകിസ്താനില്‍ കഴിയണമെന്ന സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്ങിന്റെ പ്രസ്താവനയോടും രാം ചൗധരി പ്രതികരിച്ചു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെടുകയാണെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

SHARE