ബംഗാളില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ രണ്ടുപേരെ വെടിവെച്ചു കൊന്നു

കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെടിയേറ്റാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. അനാറുല്‍ ബിസ്വാസ്(55), സലാലുദ്ദീന്‍ ഷെയ്ക്ക്(17) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സമരക്കാര്‍ ആരോപിച്ചു. സമരത്തിന് നേരെ തൃണമൂല്‍ നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. സാഹേബ് നഗര്‍ മാര്‍ക്കറ്റിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. 20 ദിവസം മുമ്പ് രൂപീകരിച്ച സിഎഎ ബിരോധി നാഗരിക മഞ്ചാണ് സമരം നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി മുര്‍ഷിദാബാദില്‍ ഇവര്‍ സമരത്തിന് മുന്‍നിരയിലുണ്ടായിരുന്നു. ടിഎംസി പ്രവര്‍ത്തകര്‍ അടക്കം സംഘടനയുടെ ഭാഗമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. സിഎഎ, എന്‍ആര്‍സിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിടാന്‍ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അടച്ചിടല്‍ നടക്കില്ലെന്ന് ഒരുവിഭാഗം അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിന്നീട് ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരസ്പരം ബോംബെറിയുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.

SHARE