കൊച്ചിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദേശ വനിതയോട് ഇന്ത്യ വിട്ടു പോവാന്‍ നിര്‍ദേശം

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദേശ വനിതയോട് ഇന്ത്യ വിട്ടുപോകാന്‍ അധികൃതരുടെ നിര്‍ദേശം. കൊച്ചിയില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോടാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച നടന്ന പീപ്പിള്‍സ് ലോങ് മാര്‍ച്ചിലാണ് ജനേ ജൊഹാന്‍സണ്‍ എന്ന നോര്‍വീജിയന്‍ വനിത പങ്കെടുത്തത്.

വിസാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പേരിലാണ് നടപടി എടുത്തത്. ടൂറിസ്റ്റ് വിസയിലാണ് ജാനെ കേരളത്തില്‍ എത്തിയത്. തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിലാണു ജാനെ പങ്കെടുത്തത്. പ്രതിഷേധത്തിന്റെയും അതില്‍ പങ്കെടുത്തതിന്റെയും ചിത്രങ്ങള്‍ ജാനെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ലോങ് മാര്‍ച്ച് സംബന്ധിച്ച കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം അവര്‍ പങ്കുവെച്ചിരുന്നു. ഇതാണു പ്രശ്‌നമായത്.

ഇവരെ ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (എഫ്.ആര്‍.ആര്‍.ഒ) അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. ഒക്ടോബറില്‍ ഇന്ത്യയിലെത്തിയ ജാനെയ്ക്കു മാര്‍ച്ച് വരെ വീസ കാലാവധിയുണ്ട്. ഡിസംബര്‍ 21 മുതല്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലാണ് ജാനെ താമസിക്കുന്നത്. 2014 മുതല്‍ ജാനെ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ചെന്നൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിയായ ജര്‍മന്‍ സ്വദേശി ജേക്കബ് ലിന്‍ഡന്‍താലിനെ തിങ്കളാഴ്ച നാടുകടത്തിയിരുന്നു.

SHARE