ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെങ്കിലും അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ബംഗ്ലാദേശ്

ധാക്ക: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ പ്രക്ഷോഭം ശക്തമാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ബംഗ്ലദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുൽ മൊമൻ. പൗരത്വ നിയമവും ദേശീയ പൗരത്വ റജിസ്ട്രേഷനും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. പക്ഷേ നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളും മറ്റും ആശങ്കപ്പെടുത്തുന്നതാണെന്ന് നിലവിലുള്ള അനിശ്ചിതത്വം സ്വാഭാവികമായും അയല്‍ രാജ്യമെന്ന നിലക്ക് ബംഗ്ലാദേശിനെ ബാധിക്കുമെന്നും എ.കെ.അബ്ദുല്‍ മൊമന്‍ പറഞ്ഞു.

പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇത് നടപ്പാക്കാന്‍ തീരുമാനിച്ചതില്‍ നിയമപരമായ കാരണങ്ങള്‍ ഇന്ത്യക്കുണ്ടാവും. ഇത് ബംഗ്ലാദേശിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ ഇന്ത്യയെ വിശ്വാസത്തിലെടുക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൗരത്വ ബില്ലിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ബംഗ്ലദേശ് വിദേശകാര്യ മന്ത്രി മൊമൻ, ആഭ്യന്ത്ര മന്ത്രി അസദുസ്മാൻ ഖാൻ എന്നിവരുടെ ഇന്ത്യ സന്ദർശനം റദ്ദാക്കാൻ കാരണമെന്ന് കേന്ദ്രവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. ഡിസംബർ 12ന് മൊമൻ നടത്താനിരുന്ന ഇന്ത്യ സന്ദർശനം മണിക്കൂറുകൾക്ക് മുൻപു റദ്ദാക്കിയത്.
സമയക്രമീകരണത്തിൽ വന്ന പ്രശ്നം മൂലമാണ് സന്ദർശനം മാറ്റിവച്ചതെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. അസമിൽ പൗരത്വ റജിസ്ട്രേഷൻ നടപ്പാക്കിയപ്പോഴും ബംഗ്ലദേശ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ് എന്നാണ് അന്നും മറുപടി നൽകിയത്. പൗരത്വ നിയമത്തിനെതിരെ വൻ പ്രക്ഷോഭമാണ് രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെടുന്നത്. 2014 ഡിസംബർ 31ന് മുൻപു പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നും വന്ന ഹിന്ദു, സിക്ക്, ജൈന, പാർസി, ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവർക്ക് പൗരത്വം  നൽകുന്ന നിയമമാണ് പാർലമെന്റ് പാസാക്കിയത്.

SHARE