മംഗലാപുരത്ത് പ്രതിഷേധത്തിനിടെ കനത്ത സംഘര്‍ഷം; പൊലീസ് വെടിവെച്ചു, രണ്ടു പേരുടെ നില ഗുരുതരം

മംഗലാപുരം: പൗരത്വ നിയമത്തിനെതിരായി മംഗലാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തിയതായി സൂചനയുണ്ട്. എന്നാല്‍ റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് വെടിവെപപ്പില്‍ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗലാപുരത്ത് നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. സംഘര്‍ഷത്തിന് പിന്നാലെ മംഗലാപുരത്തെ അഞ്ച് പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ നാളെ രാത്രി വരെ കൂടി നിരോനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ റോഡ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ ഉണ്ടായതോടെയാണ് പൊലീസ് നിരോധനാജ്ഞ ആദ്യം പ്രഖ്യാപിച്ചത്. മംഗലാപുരം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.

സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് നഗരത്തിനകത്തും പുറത്തും കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പൊലീസ് തടഞ്ഞു പരിശോധിക്കുന്നുണ്ട്. മുന്‍കരുതലെന്ന നിലയില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരേയും മംഗലാപുരത്ത് വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ അര്‍ധസൈന്യത്തേയും രംഗത്തിറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

SHARE