സി.എ.എ: ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കാനുള്ള കാലാവധി തീര്‍ന്നു- നടപ്പാക്കുന്നത് വൈകും

ന്യൂഡല്‍ഹി: ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ വിവാദമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് വൈകും. ചട്ടരൂപീകരണത്തിനായി ആറു മാസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുമ്പിലുണ്ടായിരുന്നത്. ജൂലൈ പത്തിനാണ് ഇതിന്റെ സമയപരിധി അവസാനിച്ചത്.

രാജ്യത്തുടനീളം പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ പൗരത്വഭേദഗതി ബില്ലിന്റെ വിജ്ഞാപനം വന്നത് ജനുവരി പത്തിനായിരുന്നു. വിഷയത്തില്‍ മന്ത്രാലയം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

2019 ഡിസംബര്‍ പത്തിനാണ് 1955ലെ പൗരത്വഭേദഗതി നിയമത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍, ജൈനര്‍, ബുദ്ധര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നതായിരുന്നു വിവാദ ബില്‍. നിശ്ചിത കാലയളവില്‍ ഇന്ത്യയില്‍ താമസിച്ചു വരുന്നവര്‍ക്കാണ് പൗരത്വം നല്‍കാനുള്ള തീരുമാനമുണ്ടായിരുന്നത്.

രാജ്യത്ത് ആദ്യമായാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ തീരുമാനിക്കപ്പെട്ടിരുന്നത്. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. മുസ്ലിംകളെ മനഃപൂര്‍വ്വം ഒഴിച്ചു നിര്‍ത്തുന്നു എന്ന വിമര്‍ശനവും ഉന്നയിക്കപ്പെട്ടു. നിയമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യയുടെ മതേതര പ്രതിച്ഛായയ്ക്ക് മേല്‍ കളങ്കമുണ്ടാക്കിയിരുന്നു.

അസം മാതൃകയില്‍ ദേശവ്യാപകമായി നടപ്പാക്കന്ന പൗരത്വ രജിസ്റ്ററിന്റെ മുന്നോടിയാണ് പൗരത്വ ഭേദഗതി നിയമം എന്നും വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ പൗരത്വ രജിസ്റ്ററിലെ കുറിച്ച് ആലോചിച്ചിട്ടില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് അവകാശപ്പെട്ടിരുന്നത്. സി.എ.എയില്‍ പിന്നോട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

SHARE