പൗരത്വത്തിലെ ബംഗ്ലാദേശ് വാദം കണക്കുകള്‍ പറയുന്നത് ഇങ്ങനെ

ബംഗ്ലാദേശില്‍ നിന്നടക്കമുളള അനധികൃത കുടിയേറ്റം തടയാനാണ് പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. മെച്ചപ്പെട്ട വരുമാനം തേടി ഇന്ത്യയിലേക്ക് അയല്‍രാജ്യങ്ങളില്‍ നിന്നുളള ഒഴുക്കാണെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇന്ത്യയേക്കാള്‍ സാമ്പത്തിക വളര്‍ച്ചയുളള രാജ്യത്ത് നിന്ന് പൗരന്‍മാര്‍ക്ക് അനധികൃത കുടിയേറ്റം നടത്തേണ്ട ആവശ്യമില്ലെന്നാണ് ബംഗ്ലദേശിന്റെ വാദം. മുസ്ലിംകള്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി വന്നവരാണെന്നും എന്നാല്‍ മറ്റു മതസ്ഥര്‍ പീഡനം സഹിക്കവയ്യാതെയാണ് കുടിയേറിയതെന്നുമാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.

ഏഷ്യയില്‍ ഇന്ന് ഏറ്റവുമധികം സാമ്പത്തിക വളര്‍ച്ചയുളള രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിനേക്കാളും കണക്കു കൂട്ടിയതിനേക്കാളും ജിഡിപി വളര്‍ച്ച കൈവരിക്കാന്‍ ബംഗ്ലദേശിന് സാധിച്ചു. 2018-19ലെ ബംഗ്ലദേശിന്റെ ജിഡിപി 8.15 ശതമാനമാണ്. ഇന്ത്യയുടേത് വെറും 7.1 ശതമാനവും. 2019-2020ല്‍ ജിഡിപി 8.13 ശതമാനമാകുമെന്നും ബംഗ്ലാദേശ് കണക്കുകൂട്ടുന്നു. ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ച വെറും 4.5 ശതമാനവും. ഇന്ത്യയേക്കാളും ഏതാണ്ട് ഇരട്ടി വളര്‍ച്ചയുളള രാജ്യത്ത് നിന്ന് അനധികൃത കുടിയേറ്റം നടക്കുന്നു എന്ന വാദത്തെ ബംഗ്ലദേശ് സര്‍ക്കാര്‍ പുച്ഛിച്ച് തളളുന്നു.

1971 ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ പൂജ്യത്തിനും താഴെ 14 ശതമാനമായിരുന്നു വംഗനാടിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം. ഇന്നത് ശരാശരി 8 ശതമാനമാണ്. ഏഷ്യന്‍ ശരാശരിയേക്കാള്‍ കൂടുതലാണ് വളര്‍ച്ചാ നിരക്ക്. ജനസംഖ്യാ വളര്‍ച്ചാ നിരക്കും കുറവാണ്. ഇത് പ്രതിശീര്‍ഷ വരുമാനം കൂടുന്നതിന് സഹായിക്കുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ബംഗ്ലദേശിലെ ആയുര്‍ദൈര്‍ഘ്യം 39 വയസായിരുന്നു. ഇന്നത് 73 ആണ്. ഇന്ത്യയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 71 വയസ് ആണെന്ന് കൂടി ഓര്‍ക്കണം. .2010ല്‍ ദാരിദ്ര്യരേഖക്ക് താഴെ ജീവിച്ചിരുന്ന തൊഴിലാളികളുടെ എണ്ണം 73.5 ശതമാനമായിരുന്നു. വെറും 9 വര്‍ഷം കൊണ്ട് ഇത് 10.4 ശതമാനത്തിലേക്ക് കുത്തനെ താഴ്ത്താന്‍ ബംഗ്ലദേശിന് സാധിച്ചു. വസ്ത്ര നിര്‍മാണത്തിന് പേരുകേട്ട രാജ്യം കൂടിയാണ് ബംഗ്ലദേശ്. അഡിഡസ്, ലീ തുടങ്ങിയ ആഗോള വസ്ത്ര ബ്രാന്റുകള്‍ ഇവിടെ നിര്‍മിക്കുന്നു. 2.1 ലക്ഷം കോടി രൂപ മൂല്യമുളള വ്യവസായമാണ് ഇന്ന് ബംഗ്ലദേശിലെ വസ്ത്ര നിര്‍മാണം. മാത്രമല്ല, വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യയെ മറികടക്കാനും സാധിച്ചു.

എന്നാല്‍ വസ്ത്ര നിര്‍മാണത്തെ മാത്രം ആശ്രയിച്ച് സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബംഗ്ലദേശ് തയ്യാറായില്ല. മൈക്രോഫിനാന്‍സിങ്, ഐടി എന്നിവ ഉള്‍പ്പെടുന്ന സേവന മേഖലയാണ് ഇന്ന് ബംഗ്ലദേശ് ജിഡിപിയുടെ 58 ശതമാനവും സംഭാവന ചെയ്യുന്നത്. ഇന്ത്യയിലേക്ക് ബംഗ്ലദേശികള്‍ കുടിയേറുന്നു എന്ന ആരോപണത്തിന് ബംഗ്ലദേശ് ഹൈക്കമ്മിഷണറുടെ മറുപടി ഇങ്ങനെ.. ”ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിനേക്കാള്‍ ബംഗ്ലാദേശികള്‍ക്ക് നല്ലത് മെഡിറ്ററേനിയന്‍ കടല്‍ നീന്തികടന്ന് ഇറ്റലിയിലേക്ക് പോവുകയാണ്”

SHARE