സി. എ. എ : ലക്ഷ്യമിട്ടത് സാമുദായിക കലാപങ്ങളും

അജയ് ഗുദ്ദവര്‍ത്തി

പൗരത്വ ഭേദഗതി നിയമം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ എന്താണോ ഉദ്ദേശിച്ചത് അതാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതായത് ഇന്ത്യയൊട്ടാകെ മതാടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കുക എന്നത് തന്നെ. മത ധ്രുവീകരണം എന്നത് ഒരു സ്ഥായിയായ പ്രക്രിയ ആക്കുകയും അത് വഴി അധികാര തുടര്‍ച്ച ഉറപ്പ് വരുത്തുകയും ചെയ്യുക എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി രാഷ്ട്രീയ ചൂതാട്ടത്തിന് കുപ്രസിദ്ധി നേടിയ മോദി ഷാ ദ്വയങ്ങള്‍ അവസാനത്തെ പകിട കളിയിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

കേവലം മുസ്ലിംങ്ങള്‍ക്കെതിരായി കലാപം ‘നിര്‍മിക്കുക’ എന്നതിനേക്കാളുപരി മറ്റ് പല കാരണങ്ങള്‍ കൊണ്ടുമാണ് പൗരത്വ ഭേദഗതി നിയമം ശ്രദ്ധയാകര്‍ഷിക്കുന്നത്. വര്‍ഗീയ കാലാപം സൃഷ്ടിക്കുന്ന ബഹളങ്ങള്‍ക്കിടയിലൂടെ മറ്റു പല ദീര്‍ഘകാല അജണ്ടകളുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു. സമ്മതിദായക പട്ടിക പുനരവലോകനം നടത്തി, മണ്ഡലാടിസ്ഥനത്തില്‍ വിവരം ശേഖരിച്ച്, 300 ഓളം സീറ്റുകള്‍ ബി.ജെ. പിക്ക് എക്കാലവും നേടിയെടുക്കാവുന്ന തരത്തില്‍ 30 ശതമാനം വോട്ട് മറിക്കുക എന്നതാണ് അതിലൊന്ന് . ഭൂരിപക്ഷം നേടിയെടുക്കാന്‍ അമേരിക്കയില്‍ പിന്തുടര്‍ന്നു വരുന്ന gerrymandering എന്ന് വിശേഷിക്കപ്പെടുന്ന വഞ്ചനയിലൂടെ ഭൂരിപക്ഷം ഉറപ്പിക്കുന്ന പ്രയോഗത്തോട് അടുത്ത് നില്‍ക്കുന്ന ഒരു പരിപാടിയാണിത്. ഇതിന് പുറമെ, സര്‍ക്കാറിന്റെ സാമൂഹ്യക്ഷേമപരിപാടികളുടെ ഗുണഭോക്താക്കളുടെ അര്‍ഹത നിജപ്പെടുത്തുന്നതിനും സി.എ.എ. ഉപയോഗപ്പെടുത്തപ്പെടാം.

മുസ്ലിംങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കുക എന്നതിനു പുറമെ, ബി.ജെ.പി.ക്കെതിരെ വോട്ട് ചെയ്യുന്ന ഹിന്ദു സമുദായത്തില്‍ പെട്ടവരെയും പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള ഒരു ഉപാധിയായിത്തീരും സി.എ.എ. വോട്ടും, ക്ഷേമ പരിപാടികളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ബദല്‍ സമൂഹ നെറ്റ് വര്‍ക്ക് നിര്‍മിക്കുന്നതിലാണ് ബി.ജെ.പി. ശ്രദ്ധയൂന്നിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ സര്‍ക്കാറിന്റെ ക്ഷേമ നയങ്ങള്‍ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തിക്കഴിഞ്ഞു. വടക്കന്‍ സംസ്ഥാനങ്ങളില്‍ സ്വഛ് ഭാരത പദ്ധതിയുടെ ഭാഗമായുള്ള കക്കൂസ്, അല്ലെങ്കില്‍ ഉജ്വല പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ പാചക വാതക സിലിണ്ടര്‍ തുടങ്ങിയവയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെടാന്‍ കാവി ക്കൊടി ഉയര്‍ത്തുകയും ഗ്രാമത്തിലുള്ള മറ്റ് പത്ത് പേരോട് സര്‍ക്കാറിന്റെ ഈ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും വേണം എന്ന സ്ഥിതി വന്നു കഴിഞ്ഞു.

അമിത് ഷാ ബി.ജെ.പി. തലപ്പത്ത് വന്നതിന് ശേഷം ബി.ജെ.പി. ധാരാളമായി വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. സി.എ. എ.യുടെ ഉദ്ദേശം തന്നെ, ഇങ്ങനെ ശേഖരിച്ച വ്യക്തിഗത വിവരങ്ങളില്‍ നിന്നും ആര്‍ ആരൊക്കെയാണെന്ന് വിശകലനം ചെയ്ത് ബി ജെ പി യുടെ കോര്‍ വോട്ട് ബാങ്ക് അല്ലാത്ത ഒരു ഗണ്യമായ വിഭാഗത്തെ ഒഴിവാക്കുന്ന പ്രക്രിയ നടപ്പാക്കലാണെന്ന് ശരിയായി നിഗമനം നടത്തുന്ന ആര്‍ക്കും മനസ്സിലാകും. തെലങ്കാനയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ട് ലക്ഷം പേരെയാണ് ഒരു കാരണവും കൂടാതെ സമ്മതിദായക പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. മാത്രവുമല്ല, അത് എങ്ങനെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നത് ചര്‍ച്ച പോലും ചെയ്യപ്പെട്ടില്ല.

ബി.ജെ.പി. യുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഡല്‍ഹി കലാപം. ഇനി ബി ജെ പി തന്നെയായിരുന്നു ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നിരുന്നതെങ്കിലും ഈ കലാപത്തിന് സാധ്യതയുണ്ടായിരുന്നു. താരതമ്യേന ചെറിയതും ദേശീയ തലസ്ഥാനവും, മാധ്യമ ശ്രദ്ധ ഏറ്റവും കൂടുതല്‍ ലഭിക്കുന്നതുമായ ഡല്‍ഹി സാമൂഹിക പരീക്ഷണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭൂമികയാണ്. കലാപം ബിജെപി ആസൂത്രണം ചെയ്തതിന് പിന്നിലെ മറ്റൊരു ഉദ്ദേശം സാമൂഹ്യമായും, സാമ്പത്തികമായും ദുര്‍ബലരായവരെ ഒരു വിധത്തിലും ശാക്തീകരിക്കാത്ത വെറും പൊള്ളയായ ‘സുരക്ഷാ അജണ്ട’യും, ‘സാമൂഹ്യക്ഷേമ അജണ്ട’യും തമ്മിലുള്ള വ്യക്തമായ അന്തരം ഹിന്ദു വോട്ടര്‍മാരില്‍ രൂപപ്പെടുന്നുണ്ടെങ്കില്‍ ആ സാധ്യതയെ പാടെ ഇല്ലാതാക്കുക എന്നതാണ്.

കൂടാതെ, ബി ജെ പിക്ക് ഇത് ഉന്മാദത്തിന്റെയും ഭയത്തിന്റെയും ‘ഇഫക്റ്റ്’ പരീക്ഷിച്ചറിയുവാനുള്ള അവസരം കൂടിയാണ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഉന്മാദം വിജയിക്കാത്ത സ്ഥിതിക്ക് ഏതൊരാളെയും മൂടുന്ന ഭയം എത്രത്തോളം ഫലവത്താകും എന്ന പരീക്ഷണം.
ഞാന്‍ കുറച്ച് കാലമായി പറഞ്ഞു കൊണ്ടിരിക്കുന്നു ഭൂരിപക്ഷാധിഷ്ഠിത ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടേണ്ടത് സംവാദങ്ങളില്‍ കൂടിയോ, അല്ലെങ്കില്‍ മതനിരപേക്ഷതയും, വര്‍ഗീയതയും സംബന്ധിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടോ അല്ല. ക്ഷേമവും ക്ഷേമ പദ്ധതികളുമാണ് ശക്തമായ ആയുധം. സാമൂഹ്യക്ഷേമ നയങ്ങളാണ് ജനങ്ങളുടെ ഉത്കണ്ഠ കുറക്കാന്‍ സഹായിക്കുന്നതും അവരില്‍ സുരക്ഷാ ബോധമുണ്ടാക്കുന്നതും . അത് മൂലം ഭൂരിപക്ഷാധിഷ്ഠിത, പ്രതികാര രാഷ്ട്രീയത്തിന് തടയിടാന്‍ സമൂഹത്തെ പ്രാപ്തമാക്കാനും സാധിക്കും.

ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ടിംഗിലൂടെ ബിജെപിയുടെ ഉന്മാദ രാഷ്ട്രീയത്തിനു തടയിട്ടു. ആസൂത്രിത കലാപത്തിലൂടെ ജനങ്ങളില്‍ സൃഷ്ടിക്കുന്ന ഭയത്തെ തടയിടാനുള്ള മൂര്‍ത്തമായ മാര്‍ഗങ്ങള്‍ എന്തെല്ലാമാണ്? നിലവിലെ കാലുഷ്യത്തെ ഭൂരിപക്ഷം ഹിന്ദുക്കളും നോക്കിക്കാണുന്നത് എങ്ങനെയായായിരിക്കുമെന്ന് അറിയാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം ? കലാപത്തിന്റെ നിരര്‍ത്ഥകതയെ അവര്‍ മനസിലാക്കുന്നുണ്ടാവുമോ? മുസ്ലിംങ്ങളാണ് ഇരയാക്കപ്പെടുന്നതെന്ന യാഥാര്‍ത്യം മാത്രമല്ല, തങ്ങളും യാതന അനുഭവിക്കുന്നെന്ന് അവര്‍ കണ്ടറിയുന്നോ? കലാപത്തില്‍ ഭാഗഭാക്കാവുന്നവരില്‍ നിന്ന് അവരെ തന്നെ അവര്‍ വ്യതിരിക്തരായി കാണുന്നോ? ബി.ജെ.പി.ക്ക് ഉത്തരം കിട്ടേണ്ട മറ്റു ചില ചോദ്യങ്ങളാണിത്.

ഇവിടെ പ്രശ്‌നം, ഭൂരിപക്ഷം ഹിന്ദുക്കളും കലാപത്തിന് പിന്നിലെ ലക്ഷ്യം മനസിലാക്കുന്നുണ്ടോ എന്നതല്ല. മറിച്ച്, ഇത് മനസിലായ ശേഷവും മുസ്ലിംങ്ങളെ ലക്ഷ്യം വെക്കുന്നതിന് അവര്‍ മൗനാനുവാദം നല്‍കുന്നുണ്ടോ, ഇല്ലയോ എന്നതാണ്. ഡല്‍ ഹിയിലെ കൊള്ളിവെപ്പും, കൊലയും ഓര്‍മപ്പെടുത്തുന്നത് ഗുജറാത്തിലെ ആ ‘ പഴയ തന്ത്ര’ത്തെ യാണ്. കുടിയേറ്റക്കാര്‍ ഭൂരിപക്ഷമായ ഡല്‍ഹിയില്‍ ജനങ്ങള്‍ക്ക് ‘ഞങ്ങളുടെത്’ എന്ന ചിന്ത ഉണ്ടാവാനോ അല്ലങ്കില്‍ അത് മറ്റുള്ളവര്‍ വക വെച്ചു കൊടുക്കാനോ സാധ്യതയില്ല.സ്വത്തോ, വസ്തുക്കളോ നഷ്ടപ്പെട്ടാല്‍ പിന്നീട് അതിന്‍മേല്‍ അധികാര അവകാശങ്ങള്‍ സ്ഥിപിച്ചെടുക്കാന്‍ പ്രയാസവുമാണ്. മുസ്ലിംങ്ങള്‍ ‘വരത്തന്‍’ മാരാണെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ മിക്കവാറും ഹിന്ദുക്കളും ആ ഗണത്തില്‍ പെട്ടവര്‍ തന്നെയാണെന്നാണ് ഡല്‍ഹിയിലെ അവസ്ഥ.

2024 വരെ സി.എ.എ. വീര്‍ത്ത് പഴുത്ത് വൃണമായി കിടക്കും. നാം ഇത് വരെ സാക്ഷ്യം വഹിക്കാത്ത ഒരു വ്യത്യസ്ത തരത്തിലുള്ള സോഷ്യല്‍ ഇഞ്ചിനീയറിങ് ആണത്. മറ്റൊരു രീതിയിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കോ, ആഖ്യാനങ്ങള്‍ക്കോ ഇടം നല്‍കാതെ ആസൂത്രിതമായ ആശയക്കുഴപ്പവും അരാജകത്വവും സൃഷ്ടിക്കപ്പെടേണ്ടത് ബി.ജെ.പി.യെ സംബന്ധിച്ചടത്തോളം അനിവാര്യമാണ്. പ്രതിപക്ഷ കക്ഷികള്‍ ഇത് ഭരണകക്ഷിക്ക് എതിരാക്കിത്തിരിക്കുമോ അല്ലെങ്കില്‍ കെജ് രിവാള്‍ ചെയ്യുന്നത് പോലെ ‘കാത്തിരുന്നു കാണാം’ എന്ന നിലപാട് സ്വീകരിക്കുമോ? മതന്യൂനപക്ഷങ്ങളുടെ വോട്ട് നേടി അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ അവരുടെ വോട്ട് നേടിയത് അവരെ സാമൂഹ്യമായി അകലത്തില്‍ നിര്‍ത്തിയായിരുന്നു എന്നുള്ളത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തികഞ്ഞ വൈരൂപ്യമാണ്.

തങ്ങള്‍ക്ക് മുമ്പാകെയുള്ള ‘ഓപ്ഷനു’ കളില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത് ഡല്‍ഹി പൗരാവലിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചെയ്തത് പോലെ യുക്തിയോടെയും, അനുകമ്പയോടെയുമായിരിക്കുമോ അവര്‍ ഈ തിരഞ്ഞെടുപ്പ് നടത്തുക എന്നത് പരീക്ഷണാലയിലെ ശാസ്ത്രജ്ഞന്റെ കണ്ണുകളോടെ ഡല്‍ഹിയിലെ എല്ലാ സംഭവ വികാസങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന അമിത്ഷാക്ക് മാത്രമല്ല, നമുക്കേവര്‍ക്കും തന്നെ കാണാന്‍ അതിയായ താല്‍പര്യമുണ്ട്.

(കടപ്പാട്: ദി വയര്‍)

SHARE