കുട്ടിക്കാലത്ത് ശാഖയില്‍; വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എ.ബി.വി.പി സ്ഥാനാര്‍ത്ഥി – വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ സംഘി പശ്ചാത്തലം പുറത്ത്

കാവിവല്‍ക്കരണത്തിന് തുടര്‍ച്ചയായി കുടപിടിക്കുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വളര്‍ന്നുവന്നത് സംഘ് പരിവാര്‍ പശ്ചാത്തലത്തിലൂടെയെന്ന് അനില്‍ അക്കര എം.എല്‍.എ. രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്‍.എസ്.എസ് നടത്തുന്ന ശാഖയില്‍ അംഗമായിരുന്നുവെന്നും വിദ്യാര്‍ത്ഥിയായിരിക്കെ സംഘ് പരിവാറിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നുവെന്നും അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:
കുട്ടിക്കാലത്തു എറണാകുളം ചേരാനെലൂര്‍
ആര്‍.എസ്.എസ് ശാഖാ അംഗം,
വിദ്യാര്‍ത്ഥി ആയിരിക്കുബോള്‍
ഇ.എം.എസ് പഠിച്ച
തൃശ്ശൂര്‍ സെന്റ്‌തോമസ് കോളേജില്‍
എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കി…
ഇതെല്ലാം ശരിയെങ്കില്‍
ഇനി എത്ര കാണാനിരിക്കുന്നു?

സംഘ് പരിവാറിന്റെ അജണ്ടകള്‍ തുടര്‍ച്ചയായി രവീന്ദ്രനാഥ് നയിക്കുന്ന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെയാണ്, മന്ത്രി ആര്‍.എസ്.എസ് ശാഖയുടെ ഉല്‍പ്പന്നമാണെന്ന കാര്യം വെളിച്ചത്തു വരുന്നത്.

സി. രവീന്ദ്രനാഥിന് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചപ്പോള്‍ ‘ഹിന്ദു പ്രതിനിധി വിദ്യാഭ്യാസ മന്ത്രിയായത് ബി.ജെ.പിയുടെ നേട്ടമാണെ’ന്ന് സംഘ് പരിവാര്‍ സഹയാത്രികന്‍ രാഹുല്‍ ഈശ്വര്‍ പ്രസ്താവന ഇറക്കിയിരുന്നു. സംഘ് പരിവാരത്തെ തൃപ്തിപ്പെടുത്തുന്ന വിധമുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് പലപ്പോഴും രവീന്ദ്രനാഥില്‍ നിന്നും അദ്ദേഹത്തിന്റെ വകുപ്പില്‍ നിന്നുമുണ്ടായത്.

മാംസാഹാരം കഴിച്ചുവെന്നാരോപിച്ച് യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അടിച്ചു കൊന്നതിനെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുമ്പോള്‍, മാംസാഹാരം കഴിക്കു്ന്നത് നല്ലതല്ല എന്ന തരത്തില്‍ രവീന്ദ്രനാഥ് പ്രസ്താവന നടത്തിയിരുന്നു. മന്ത്രിയുടെ പാര്‍ട്ടിയുടെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതിനിടെയായിരുന്നു മത്സ്യം, മാംസം, മുട്ട തുടങ്ങിയവയെ മദ്യത്തോടും മയക്കുമരുന്നിനോടും ഉപമിച്ചു കൊണ്ടുള്ള രവീന്ദ്രനാഥിന്റെ പ്രസംഗം. എന്‍.എസ് മാധവന്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എസ്. ഫെയ്‌സി തുടങ്ങി നിരവധി പേര്‍ മന്ത്രിക്കെതിരെ രംഗത്തെത്തി.

സ്‌കൂളുകളിലെ ഭക്ഷണ മെനുവില്‍ നിന്ന് നോണ്‍ വെജ് വിഭവങ്ങള്‍ പൂര്‍ണമായി എടുത്തു കളയാന്‍ രവീന്ദ്രനാഥ് ശ്രമിക്കുന്നതായും ആരോപണമുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഭക്ഷണ മെനു സര്‍ക്കുലറില്‍ മാംസ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വിവാദമായതോടെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് പിന്നീട് രംഗത്തെത്തി.

സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘ് പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തതും വിവാദമായി. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നു തന്നെ, ആര്‍.എസ്.എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ പോയത്. വിദ്യാഭ്യാസ രംഗം ഏറെക്കുറെ പൂര്‍ണമായും സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലായിട്ടും കേന്ദ്ര നിര്‍ദേശം അക്ഷരംപ്രതി പാലിച്ച് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ അയക്കുകയായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തള്ളിക്കളഞ്ഞ കേന്ദ്ര നിര്‍ദേശമാണ് രവീന്ദ്രനാഥിന്റെ വകുപ്പ് ആവേശത്തോടെ ഏറ്റെടുത്തത്.