തിരുവനന്തപുരം: ജൂണ്‍ 1ന് തന്നെ സ്‌കൂള്‍ തുറക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ വൈകാതെ തന്നെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ നമ്മള്‍ വിജയിച്ചു എന്നൊരു ഘട്ടമെത്തിയാല്‍ ഉടനടി പരീക്ഷകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എട്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ജില്ലാ ഹബ്ബുകളില്‍ എത്തിയിട്ടുണ്ട്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് ഉള്ള പുസ്തകങ്ങള്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയാല്‍ ഉടനെത്തിക്കാം. എല്ലാ പുസ്തകങ്ങളും അച്ചടിച്ച് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പക്ഷേ, കോവിഡ് പ്രതിരോധമാണ് പ്രധാനം. അതിനാണ് പ്രഥമപരിഗണനയെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇനി നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകള്‍ക്കും കുറച്ചുകൂടി നന്നായി പഠിച്ച് തയ്യാറെടുക്കണം. പത്താം ക്ലാസ്സിലെ മൂന്ന് പരീക്ഷകളും പ്ലസ്ടുവിലെ രണ്ട് പരീക്ഷകളും, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ അഞ്ച് പരീക്ഷകളുമാണ് ബാക്കിയുള്ളത്. ഏത് തരത്തിലും ഈ പരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഓണ്‍ലൈനായി പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ അങ്ങനെ ചെയ്യാന്‍ സംവിധാനങ്ങളുണ്ട്. അതല്ല, സാമ്പദ്രായിക തരത്തില്‍ പരീക്ഷ നടത്തണമെങ്കില്‍ അതിന് പരമാവധി ആളുകളെ കുറച്ച്, പല സമയങ്ങളിലായും ദിവസങ്ങളിലായും നടത്തുന്നതടക്കം സര്‍ക്കാര്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.