യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സി-ആപ്റ്റില്‍ എത്തിയ 28 പാഴ്‌സലുകളില്‍ ദുരൂഹത; സംശയ നിഴലില്‍ മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റും മന്ത്രി കെ.ടി ജലീല്‍ ചെയര്‍മാനായ കേരള സര്‍ക്കാര്‍ സ്ഥാപനം സിആപ്റ്റും (കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ്) തമ്മില്‍ നടന്ന ഇടപാടുകളില്‍ ദുരൂഹത. കോണ്‍സുലേറ്റില്‍നിന്ന് 28 പാഴ്‌സലുകള്‍ സിആപ്റ്റിന്റെ വാഹനത്തില്‍ എടപ്പാളിലെത്തിച്ചതാണ് സംശയത്തിനിടയാക്കുന്നത്. മറ്റൊരു രാജ്യത്തിന്റെ കോണ്‍സുലേറ്റുമായി സിആപ്റ്റിന് നേരിട്ടു ബന്ധപ്പെടാന്‍ കഴിയില്ലെന്നിരിക്കെ കെ.ടി ജലീലിലേക്ക് സംശയമുന നീളുകയാണ്. ഇതിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരില്‍നിന്ന് കസ്റ്റംസ് മൊഴിയെടുത്തിട്ടുണ്ട്. വാഹനത്തിന്റെ ലോഗ് ബുക്കും പരിശോധിച്ചു.

സിആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് കിറ്റുകള്‍ എത്തിക്കാന്‍ മേല്‍നോട്ടം വഹിച്ചത്. യു.എ.ഇ കോണ്‍സുലേറ്റില്‍നിന്ന് നേരിട്ട് റംസാന്‍ കിറ്റുകള്‍ കൈപ്പറ്റി കെ.ടി ജലീല്‍ നേരത്തെ വിവാദത്തിലായിരുന്നു. ഇതിനു പിറകെയാണ് പുതിയ ആരോപണം. രണ്ടു വാഹനങ്ങളിലാണ് കോണ്‍സുലേറ്റില്‍നിന്ന് പാഴസലുകള്‍ എത്തിച്ചത്. ഒന്നില്‍ മതഗ്രന്ഥത്തിന്റെ പകര്‍പ്പുകളാണെന്നും മറ്റൊന്നിലെ പാക്കറ്റുകള്‍ ഭദ്രമായി സൂക്ഷിക്കാനുമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശമെന്നാണ് ജീവനക്കാര്‍ പറയുന്നത്. യു.എ.ഇ കോണ്‍സുലേറ്റിലെ ചിലര്‍ സിആപ്റ്റില്‍ നിത്യ സന്ദര്‍ശകരായിരുന്നുവത്രെ. കോണ്‍സുലേറ്റില്‍നിന്ന് സ്ഥിരമായി ഇവിടേക്ക് പാക്കറ്റുകള്‍ എത്തിയതായി വ്യക്തമായിട്ടുണ്ട്.

SHARE