സംഘ്പരിവാര്‍ അടിച്ചുകൊന്ന ശഹീദ് മുഹമ്മദ് ഖാസിമിയുടെ കുടുംബത്തിന് തണലേകാന്‍ യൂത്ത്‌ലീഗ് വക ബൈത്തുറഹ്മ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പിലാക്വയില്‍ സംഘപരിവാര്‍ അടിച്ചുകൊന്ന ശഹീദ് മുഹമ്മദ് ഖാസിമിന്റെ കുടുംബത്തിന് വീടുവച്ചു നല്‍കാന്‍ മുസ്ലിം യൂത്ത്‌ലീഗ്. വീടും കുടുംബത്തിന് സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനായി ഒരു നിലയില്‍ വാടക വീടും എന്ന രീതിയിലാണ് നിര്‍മാണം. ഇതിനു വേണ്ട ആറു ലക്ഷം രൂപ നിലവില്‍ സമാഹരിച്ചു കഴിഞ്ഞു. പന്ത്രണ്ടു ലക്ഷം രൂപയാണ് ആകെ ചെലവ്. ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മിറ്റി നേതാക്കളും പിലക്വയിലെ പൗരപ്രമുഖരും അടങ്ങുന്ന കമ്മിറ്റിയാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

ഇതു സംബന്ധിച്ച് മുസ്ലിംലീഗ് നേതാവ് സി.കെ സുബൈറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:

അബ്ബ ഉണ്ടായിരുന്നപ്പോ ആ കാണുന്നതായിരുന്നു ഞങ്ങളുടെ വീട്. ആലിയമോള്‍ വിരല്‍ ചൂണ്ടിയത് അവരുടെ പഴയ വാടക വീടിനു നേര്‍ക്കാണ്. കാസിമിന്റെ സഹോദരന്‍ സലീമിന്റെ വീട്ടിലാണ് ഇപ്പോള്‍ ആ കുടുംബം താമസിക്കുന്നത്. വാടക നല്‍കാന്‍ അബ്ബ ഇല്ലാതായപ്പോഴാണ് ആലിയയെയും മൂന്ന് സഹോദരങ്ങളെയും കൂട്ടി അവരുടെ ഉമ്മ കാസിമിന്റെ സഹോദരന്‍ സലീമിന്റെ വീട്ടിലേക്ക് താമസം മാറ്റേണ്ടി വന്നത്. മൂന്ന് സഹോദരന്‍മാരും രണ്ട് സഹോദരിമാരും ഉണ്ട് ആലിയക്ക്. മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞു. ആലിയയുടെ തൊട്ടു മൂത്ത സഹോദരന്‍ അര്‍ഷ് മൈല്‍ഡ് ഓട്ടിസ്റ്റിക് രോഗിയാണ്. അന്ന് തറക്കല്ലിടല്‍ ചടങ്ങില്‍ ആള്‍ക്കൂട്ടത്തെ കണ്ടതോടെ അവന്‍ കരയാനാരംഭിച്ചു വന്നതും വിശേഷങ്ങള്‍ പറഞ്ഞതും ഈ കൊച്ചു മിടുക്കി ആലിയയാണ്. മകളെ പോലെ അവള്‍ ചേര്‍ന്നു നിന്നു, കൈ പിടിച്ച് നടന്നു. ഞങ്ങളുടെയൊക്കെ മനം കവര്‍ന്നു. ഇനിയധികകാലം പിതൃസഹോദരന്റെ ചെറിയ വീട്ടില്‍ ശ്വാസം മുട്ടി കഴിയേണ്ടി വരില്ലെന്നവര്‍ക്ക് ഞങ്ങള്‍ വാക്ക് കൊടുത്തു.
ഈ വീടിന്റെ പ്രഖ്യാപനം നടന്നത് മോദി അധികാരത്തിലേറുന്നതിന്റെ തലേന്നാളായിരുന്നു.

ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ പിലക്വയിലെ ശഹീദ് മുഹമ്മദ് കാസിമിന്റെ വീടിന് ചുവരുകളുയര്‍ന്നുകഴിഞ്ഞു. സ്വന്തം പിതാവിനെ ക്രൂരമായി അടിച്ച് കൊന്ന് വയലിലൂടെ വലിച്ചിഴച്ചു കൊണ്ടുവരുന്ന ദൃശ്യം ഒരു പേക്കിനാവു പോലെ ആ കുരുന്നു മക്കളെ ഇപ്പോഴും വേട്ടയാടുന്നുണ്ടാവും.. ബാപ്പയില്ലായെന്ന നഷ്ടം നമുക്ക് പരിഹരിക്കാനുമാവില്ല…

എങ്കിലും, അവരനുഭവിക്കുന്ന അനാഥത്വത്തിന് നമ്മളെ കൊണ്ടാകുന്ന പരിഹാരശ്രമമാണ് ഈ വീട്. വീടു മാത്രമല്ല, കുടുംബത്തിന് സ്ഥിരമായ ഒരു വരുമാന മാര്‍ഗവും നമുക്ക് ഇതിനോട് ചേര്‍ന്ന് ഉറപ്പാക്കണം. താഴത്തെ നിലയില്‍ വാടക മുറിയും, മുകളില്‍ വീടും നിര്‍മ്മിക്കാന്‍ പത്ത് പന്ത്രണ്ട് ലക്ഷം രൂപ ചിലവു വരും. ചില നന്‍മ മനസുകളുടെ സഹായത്തോടെ ആറ് ലക്ഷം രൂപ നിലവില്‍ സമാഹരിച്ചിട്ടുണ്ട്. മുസ്ലിം യൂത്ത്‌ലീഗിന്റെ ദേശീയ കമ്മിറ്റിക്കു വേണ്ടി, ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മിറ്റി നേതാക്കളും പിലക്വയിലെ പൗരപ്രമുഖരും അടങ്ങുന്ന കമ്മിറ്റിയാണ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.എത്രയും വേഗം പണി പൂര്‍ത്തിയാക്കി ഒറ്റമുറി വാടക വീട്ടിലെ ദുരിത ജീവിതത്തില്‍ നിന്ന് അവരെ ഈ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കാന്‍ കഴിയണം. കൂടെ നിത്യവരുമാന മാര്‍ഗത്തിനായി ഒരു നിലയും കൂടി പണിയണം. ഈ നന്‍മയുടെ കൂടെ നിങ്ങളുടെ മനഃസാന്നിധ്യവും സഹായവും ഉണ്ടാകണം.

SHARE