ന്യൂഡല്‍ഹി: റഷ്യന്‍ ഇസ്രയേലി ശതകോടീശ്വരനായ യൂറി മില്‍നര്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ആപ്പില്‍ 3000 കോടി രൂപ നിക്ഷേപം നടത്തുന്നതായി റിപ്പോര്‍ട്ട്. യൂറി മില്‍നറുടെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനമായി ഡിഎസ്ടി ഗ്ലോബലാണ് വന്‍തുക നിക്ഷേപം നടത്തുന്നത്. ഈ ആഴ്ച തന്നെ ബൈജുവുമായി കരാര്‍ ഒപ്പിടുമെന്നും സൂചനയുണ്ട്.
യൂറി മില്‍നര്‍ നിക്ഷേപം നടത്തുന്നതോടെ പേടിഎമ്മിന് ശേഷം ഇന്ത്യയില്‍ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പായി ബൈജൂസ് ആപ്പ് മാറും.
ലോകത്തെ അറിയപ്പെടുന്ന സാങ്കേതിക നിക്ഷേപകനാണ് യൂറി മില്‍നര്‍. ഫെയ്സ്ബുക്,ട്വിറ്റര്‍ എന്നിവയിലടക്കം ആദ്യ കാലങ്ങളില്‍ അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യയില്‍ തന്നെ ഫ്ളിപ്കാര്‍ട്ട്, ഓല, സ്വിഗ്ഗി, ഉദാന്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ സ്ഥാപനമായ ഡിഎസ്ടി നേരത്തെ നിക്ഷേപം നടത്തിയിട്ടുണ്ട്.