ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും; പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും. നിലവില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും നിര്‍ബന്ധമെങ്കില്‍ ആഗസ്റ്റിന് ശേഷം നടത്താമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. അതേ സമയം അന്തിമ തീരുമാനം ജൂലൈ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തില്‍ ഉണ്ടാകും.

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് വൈറസ് രോഗം പടരുന്ന സാഹചര്യത്തിലും ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായ സാഹചര്യത്തിലും തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രയോഗിക ബുദ്ധിമുട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്ന സമയമാണ്. തെരഞ്ഞെടുപ്പ് ബൂത്തുകളാകുന്ന സ്‌കൂളുകളും മറ്റും ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റിയേക്കും. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് വെല്ലുവിളിയാണെന്നും ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്‍ വ്യക്തമാക്കുന്നു. തോമസ് ചാണ്ടി, എന്‍. വിജയന്‍ പിള്ള എന്നിവരുടെ നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ട സാഹചര്യമുണ്ടായത്.

SHARE